തിരുവനന്തപുരം: കേരള സര്‍വകലാശാല മോഡറേഷന്‍ തിരിമറിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ക്രൈംബ്രാഞ്ച്. സോഫ്‌റ്റ്‌വെയര്‍ തകരാറാണോ ഉണ്ടായതെന്നാറിയാന്‍ വിദഗ്‌ധ പരിശോധന ആവശ്യമാണ്. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്താലേ ഇതിന് സാധ്യമാകൂവെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ക്രൈംബ്രാഞ്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി.
2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍ നടന്ന വിവിധ പരീക്ഷകളിലാണ് പരീക്ഷാ ബോർഡ് നിശ്ചയിച്ചതിലും അധികം മാര്‍ക്ക് മോഡറേഷന്‍ വഴി നല്‍കിയതായി കണ്ടെത്തിയത്. ഇതില്‍ പരീക്ഷ വിഭാഗത്തിലെ സോഫ്റ്റ്‌വെയര്‍ വഴിയാണ് മോഡറേഷന്‍ നല്‍കിയിരിക്കുന്നത്. കമ്പ്യൂട്ടര്‍ സെന്ററില് ക്രൈംബ്രാഞ്ച് പ്രാഥമിക പരിശോധന നടത്തി. സോഫ്റ്റ്‌വെയറിലെ പിഴവാണ് കാരണമെങ്കില്‍ കമ്പ്യൂട്ടറുകള്‍ വിശദമായി പരിശേധിക്കേണ്ടതുണ്ട്. സൈബര്‍ സെല്ലിന്‍റെയടക്കം പരിശോധനകള്‍ ആവശ്യമായി വരും. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് ഡിജിപിക്ക് ശുപാര്‍ശ നല്‍കിയത്. സര്‍വകലാശാല വിദഗ്‌ധ സമിതി റിപ്പോര്‍ട്ടും ക്രൈംബ്രാഞ്ചിന് കൈമാറും. അതിനുശേഷമാകും കേസെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക.