തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിൻ്റെ എന്ന പേരിൽ ശബ്ദ രേഖ പുറത്തു വന്ന സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക.
ഇ.ഡി ജയിൽ മേധാവിക്ക് നൽകിയ കത്ത് ഡിജിപിക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപി ലോക്‌നാഥ് ബെഹ്റ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ജയിൽ ഡിജിപി ഋഷിരാജ് സിംഗിൻ്റെ കത്തിൽ അന്വേഷണം വേണ്ട എന്ന നിലപാടിലായിരുന്നു പൊലീസ്. എന്നാൽ ഇ.ഡി ആവശ്യപ്പെട്ടാൽ ക്രൈം ബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. വെള്ളിയാഴ്‌ചയാണ് ശബ്ദരേഖയിൽ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി ജയിൽ ഡിജിപി ഋഷിരാജ് സിംഗിന് കത്ത് നൽകിയത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ അന്വേഷണ ഏജൻസികൾ നിർബന്ധിക്കുന്നുവെന്ന് വെളിപ്പെടുത്തിയാണ് സ്വപ്നയുടേത് എന്ന പേരിൽ ശബ്ദ രേഖ ഒരു വാർത്ത പോർട്ടൽ പുറത്തുവിട്ടത്. തുടർന്ന് ജയിൽ ഡിഐജി നടത്തിയ അന്വേഷണത്തിൽ ശബ്ദം സ്വപ്നയുടേത് തന്നെയാണോ എന്ന് ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ സൈബർ അന്വേഷണം ആവശ്യപ്പെട്ട് ഋഷിരാജ് സിംഗ് ഡിജിപിക്ക് കത്തു നൽകി. പിന്നാലെ ഇഡിയും അന്വേഷണം ആവശ്യപ്പെട്ട് ജയിൽ മേധാവിക്ക് കത്ത് നൽകുകയായിരുന്നു.