തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ മേയറുടെ പേരില്‍ പ്രചരിക്കുന്ന കത്തിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഉത്തരവിട്ടു. തന്‍റെ പേരില്‍ പ്രചരിക്കുന്ന കത്തിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് അദ്ദേഹത്തിന്‍റെ ഓഫിസ് കഴിഞ്ഞ ദിവസം പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഇത് കണക്കിലെടുത്താണ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ച് ഉത്തരവിട്ടത്.
ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി മധുസൂദനന്‍റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ കേസന്വേഷിക്കും. എന്നാല്‍ കത്ത് വ്യാജമാണെന്ന് സി.പി.എം ഇതുവരെ പറഞ്ഞിട്ടില്ല. കത്ത് എങ്ങനെ പുറത്തുവന്നു എന്നതാണ് ഇപ്പോള്‍ പാര്‍ട്ടിയെ അലട്ടുന്ന വിഷയം. കത്ത് പുറത്തുവന്ന സാഹചര്യം പരിശോധിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചേക്കും എന്നാണ് സൂചന.