തിരുവനന്തപുരം: പിണറായി വിജയൻ രണ്ടാം സർക്കാരിന്‍റെ മന്ത്രിസഭയിൽ നിന്ന് കെ.കെ ശൈലജയെ ഒഴിവാക്കിയതിന് വിശദീകരണവുമായി സിപിഎം. ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കെ.കെ. ശൈലജയുള്‍പ്പടെയുള്ള മന്ത്രിമാരെ ഒഴിവാക്കിയതിന് സിപിഎം പിബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള മറുപടി നൽകുന്നത്.
എംഎല്‍എമാരിലും മന്ത്രിമാരിലും ഏതെങ്കിലും ഒരാള്‍ക്കോ കുറെപ്പേര്‍ക്കോ മാത്രമായി സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ നിന്ന് ഇളവ് നല്‍കേണ്ടതില്ലെന്നും സംസ്ഥാന കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനമാണിതെന്നും ലേഖനത്തിൽ പറയുന്നു. എല്ലാ മന്ത്രിമാരും തങ്ങളുടെ ചുമതലകള്‍ അതിസമര്‍ഥമായി നിര്‍വഹിച്ചവരാണ്. ഒരാളെയോ കുറെപ്പേരെയോ മാത്രം മറ്റ് അംഗങ്ങളില്‍നിന്ന് വേര്‍തിരിച്ച് പരിഗണിക്കാനാകില്ല.
പാര്‍ലമെന്‍ററി സ്ഥാനത്തേക്ക് നിയോഗിക്കുമ്പോള്‍ മാത്രമാണ് ഒരുപാര്‍ട്ടി പ്രവര്‍ത്തകന്‍ പരിഗണിക്കപ്പെട്ടുവെന്ന് കരുതുന്നത് പാര്‍ട്ടി ബോധത്തിന്‍റെ നിലവാരത്തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നതെന്നും എസ്ആര്‍പി ലേഖനത്തില്‍ വ്യക്തമാക്കി. ചണ്ഡീഗഢ് പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് എസ്.ആര്‍.പി.യുടെ വിശദീകരണം. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള അത്യാഗ്രഹത്തിലൂടെയും കരിയറിസത്തിലൂടെയും വെളിവാക്കപ്പെടുന്ന കട്ടിപിടിച്ച പാര്‍ലമെന്‍ററി വ്യാമോഹം പാര്‍ട്ടി ശക്തമായ സംസ്ഥാനങ്ങളിലും ദുര്‍ബലമായ സംസ്ഥാനങ്ങളിലും വ്യാപകമാണ്. ഇത് പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തിനും വിഭാഗീയതയ്ക്കുമുള്ള ഉറവിടം കൂടിയാണെന്നും ലേഖനത്തിൽ പറയുന്നു.
ഒരാള്‍ ഒരേ സ്ഥാനത്ത് തുടരുന്നത് പാര്‍ട്ടിക്കുള്ളില്‍ ആരോഗ്യകരമായ കൂട്ടായ്‌മ വളര്‍ത്തുന്നതിന് കാരണമാകും. അതുകൊണ്ടാണ് ബ്രാഞ്ച് സെക്രട്ടറിമാര്‍ മുതല്‍ ജനറല്‍ സെക്രട്ടറി വരെയുള്ളവര്‍ക്ക് കാലപരിധിവെച്ചത്. ഈ തീരുമാനം പാര്‍ട്ടിക്കുള്ളില്‍ ഐക്യം ശക്തിപ്പെടുത്തുന്നതിനും വിഭാഗീയ പ്രവണതയെ നേരിടുന്നതിനുമാണ്. ചുമതലകള്‍ സമര്‍ഥമായി കൈകാര്യം ചെയ്‌തവര്‍ക്ക് ഇളവ് നല്‍കിയാല്‍ 26 എം.എല്‍.എ.മാര്‍ക്കും 11 മന്ത്രിമാര്‍ക്കും അത് നല്‍കേണ്ടി വരുമായിരുന്നു. മന്ത്രിസഭാ രൂപവത്കരണത്തില്‍ വനിതകളെ അവഗണിച്ചുവെന്ന മാധ്യമപ്രചാരണത്തില്‍ ഇടതുപക്ഷ സുഹൃത്തുക്കള്‍ അടക്കം പെട്ടുപോയെന്നും എസ്ആര്‍പി ചൂണ്ടിക്കാട്ടി.
READ MORE: 'ശൈലജ ടീച്ചർ തിരികെ വരണം'; പ്രതിഷേധമറിയിച്ച് പാർവതി തിരുവോത്ത്