തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് വീടുകയറി പ്രചാരണം നടത്താന്‍ സിപിഎം. മാര്‍ച്ച് 23ന് അവസാനിക്കുന്ന തരത്തില്‍ പ്രചാരണം നടത്തുമെന്നും സംയുക്ത സമരങ്ങളില്‍ പാര്‍ട്ടി പങ്കാളിയാകുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു യെച്ചൂരി.
പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരോട് കേരളത്തിന്റെ മാതൃകയിൽ പൗരത്വ നിയമ ഭേദഗതിയുമായി സഹകരിക്കരുതെന്ന് അഭ്യർഥിക്കും. മതേതര രാജ്യത്തെ ഫാസിസ്റ്റ് ഹിന്ദു രാഷ്ട്രമാക്കുന്നതിന്‍റെ ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. രാജ്യത്ത് നടക്കുന്ന പ്രതിഷേധത്തെ സ്വാഗതം ചെയ്യുന്നു. സൈനിക ഓഫീസർമാർ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കണം. ഇതിന് മുമ്പ് ഒരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ല. നരേന്ദ്ര മോദിയുടെ ഭരണത്തിൽ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. രാഷ്ട്രീയ എതിർപ്പിന്റെ പേരിൽ കേരളത്തോട് കേന്ദ്രം വിവേചനം കാണിക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു.