തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സ്ഥാനാർഥി പട്ടിക തയാറാക്കുക തന്നെയാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. 14 സീറ്റുകളുള്ള തിരുവനന്തപുരത്ത് 9 സീറ്റുകളാണ് സിപിഎം മത്സരിക്കുന്നത്. അതില്‍ 7 എണ്ണം സിറ്റിങ്ങ് സീറ്റുകളാണ്. സിറ്റിങ്ങ് സീറ്റുകളില്‍ ആറ്റിങ്ങല്‍ ഒഴികെ എല്ലായിടത്തും നിലവിലെ എംഎല്‍എമാര്‍ തന്നെ മത്സരിക്കും. പാറശാല സി. കെ. ഹരീന്ദ്രന്‍, നെയ്യാറ്റിന്‍കര അന്‍സലന്‍, കാട്ടാക്കട ഐ. ബി. സതീഷ്, വട്ടിയൂര്‍ക്കാവില്‍ വി. കെ. പ്രശാന്ത്, വാമനപുരത്ത് ഡി.കെ.മുരളി, കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രന്‍, വര്‍ക്കല വി. എസി. ജോയിഎന്നിവരുടെ കാര്യത്തില്‍ ഏറെക്കുറേ തീരുമാനമുണ്ട്. ഇതുകൂടാതെ നേമത്ത് വി. ശിവന്‍കുട്ടിയുടെ പേരിലും തീരുമാനമായിട്ടുണ്ട്.
അരുവിക്കര മണ്ഡലത്തില്‍ നാല് പേരുകളാണ് സിപിഎമ്മിന്‍റെ മുന്നിലുള്ളത്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹീം, മുന്‍ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് വി. കെ. മധു, ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍, കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാര്‍ വി. എസ്. സുനില്‍കുമാര്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. അറ്റിങ്ങലില്‍ രണ്ട് തവണ മത്സരിച്ച ബി. സത്യനെ മാറ്റുന്ന കാര്യത്തില്‍ സജീവമായ ചര്‍ച്ച നടക്കുന്നുണ്ട്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി വിനീഷിന്‍റെ പേരിനാണ് ഇവിടെ പ്രാധാന്യം നല്‍കുന്നത്. ജില്ലയില്‍ ഒരു സീറ്റില്‍ വനിതയെ മത്സരിപ്പിക്കണമെന്ന നിര്‍ദേശവും പാര്‍ട്ടിയുടെ മുന്നിലുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നത്തെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമുണ്ടാകും.