തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് സിപിഎം. ബിജെപി ജില്ല നേതൃത്വത്തിന്‍റെ അറിവോടെയാണ് അക്രമം നടന്നതെന്നും സിപിഎം ആരോപിച്ചു. വിഷയത്തെ രാഷ്‌ട്രീയമായി പ്രതിരോധിക്കാനുള്ള തീരുമാനമാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്.
ഇതിന്‍റെ ഭാഗമായി ജില്ലയില്‍ വിവിധ ഇടങ്ങളില്‍ സിപിഎം ഇന്ന് വൈകുന്നേരം പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കുന്നുണ്ട്. ബിജെപി, ആര്‍എസ്എസ് കലാപ ആഹ്വാനത്തില്‍ വീഴരുതെന്നാണ് അണികള്‍ക്ക് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.
തലസ്ഥാനത്ത് കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. വഞ്ചിയൂരില്‍ സിപിഎമ്മിന്‍റെ വികസന ജാഥയ്‌ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറായ ഗായത്രിക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായെന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് ജില്ല കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ഉണ്ടായതെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.
എകെജി സെന്‍ററിന് നേരെ ആക്രമണം ഉണ്ടായത് മുതല്‍ ജില്ലയില്‍ പ്രധാന പാര്‍ട്ടി ഓഫീസുകള്‍ക്ക് മുഴുവന്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ അക്രമം തടയാന്‍ പൊലീസിന് സാധിച്ചിട്ടില്ല. നിലവില്‍ മാസങ്ങളുടെ ഇടവേളയില്‍ സിപിഎമ്മിന്‍റെ രണ്ട് പ്രധാന ഓഫീസുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
എകെജി സെന്‍റര്‍ ആക്രമണത്തിലെ പ്രതികളെ പിടികൂടാന്‍ സാധിക്കാത്തതില്‍ വിമര്‍ശനം നിലനില്‍ക്കുകയാണ്. ഇതിന് പിന്നാലെയാണ് ജില്ല കമ്മിറ്റി ഓഫീസിന് നേരെയുള്ള ആക്രമണവും.