തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാളെ സംസ്ഥാന വ്യാപകമായി സിപിഎം പ്രതിഷേധം സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലാകും പ്രതിഷേധം.
ഏരിയാ കേന്ദ്രത്തില്‍ ഒരു കേന്ദ്രസര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. ലോക്കല്‍ തലത്തില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.
തിരുവനന്തപുരം ജനറല്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച് രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നാണ് സിപിഎം നിലപാട്. മതനിരപേക്ഷ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കുക എന്ന ആര്‍എസ്എസ് പദ്ധതിയുടെ ഭാഗം കൂടിയാണിതെന്നും സിപിഎം ആരോപിച്ചു.