തിരുവനന്തപുരം: സിപിഎം നേതാക്കള്‍ക്കെതിരെ സ്വപ്‌ന സുരേഷ് ഉന്നയിച്ച ലൈംഗികാരോപണങ്ങളോട് പ്രതികരിക്കാതെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്വപ്‌നയുടേത് തുടർച്ചയായ വ്യാജ പ്രചാരവേലയാണെന്നും കേസ് കൊടുക്കുന്ന കാര്യം വേണമെങ്കിൽ പരിശോധിക്കാമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ആരോപണത്തില്‍ നിന്ന് സിപിഎം ഒളിച്ചോടില്ലെന്നും സ്വപ്‌ന പറയുന്ന ധാർമികത അടിച്ചേൽപ്പിക്കാൻ ശ്രമിക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ഒളിച്ചോടില്ല. സ്വപ്‌ന പറയുന്ന ധാർമികത അടിച്ചേൽപ്പിക്കാൻ ശ്രമിക്കണ്ട. നേതാക്കളെ അന്നും ഇന്നും സംശയമില്ലെന്നും അവരൊട് ചോദിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടർച്ചയായി സ്വപ്‌ന ഓരോന്ന് പറയുന്നുവെന്നും അതിനൊക്കെ മറുപടി പറയേണ്ടതില്ലെന്നും പറഞ്ഞ അദ്ദേഹം പ്രശ്‌നങ്ങളെ വഴി മാറ്റാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്വപ്‌നയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കുറ്റാരോപിത രക്ഷപ്പെടാൻ പല വഴിയും പ്രയോഗിക്കുമെന്നും എൽദോസിന്‍റെ കേസുമായി സ്വപ്‌നയുടേതിനെ ബന്ധപ്പെടുത്തണ്ടതില്ലെന്നും അത് ബലാത്സംഗ കേസാണെന്നും അദ്ദേഹം പറഞ്ഞു.