തിരുവനന്തപുരം: സംസ്ഥാന സമ്മേളനം മാറ്റി വയ്ക്കുന്നത് സിപിഎം പരിഗണനയില്‍. നിലവിലെ കൊവിഡ് വ്യാപനം പരിഗണിച്ചാണ് ഇത്തരമൊരു ആലോചന. ഫെബ്രുവരി പകുതിയോടെ കൊവിഡ് വ്യാപനം തീവ്രമാകുമെന്ന മുന്നറിയിപ്പാണ് നിലവില്‍ ആരോഗ്യ വിദഗ്‌ധർ നല്‍കിയിരിക്കുന്നത്. ഇത് പരിഗണിച്ചാണ് സംസ്ഥാന സമ്മേളനം കൊവിഡ് സാഹചര്യം പരിഗണിച്ച് മാത്രം മതിയെന്ന് തീരുമാനത്തിലേക്ക് ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാടെടുത്തത്.
മാര്‍ച്ച് 1 മുതല്‍ 4 വരെ എറണാകുളത്താണ് സംസ്ഥാന സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ രോഗവ്യാപനം തീവ്രമായിരിക്കുന്ന സമയത്ത് സമ്മേളനം നടത്തുന്നത് വലിയ രീതിയില്‍ വിമര്‍ശനം ഉയരുമെന്നത് പരിഗണിച്ചാണ് ഇത്തരമൊരു ധാരണയിലെത്തിയിരിക്കുന്നത്. ജില്ലാസമ്മേളനങ്ങളുടെ നടത്തിപ്പില്‍ തന്നെ സിപിഎമ്മിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിന്നു.
ALSO READ ലോകായുക്ത ഭേദഗതി: ലക്ഷ്യം അഴിമതിക്കേസുകള്‍ തടയാനാണെന്ന് വി.ഡി സതീശന്‍
ഹൈക്കോടതി ഇടപെടല്‍ വരെ സമ്മേളന നടത്തിപ്പില്‍ ഉണ്ടായി. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച മുതല്‍ നടക്കാനിരുന്ന ആലപ്പുഴ ജില്ല സമ്മേളനം മാറ്റിവച്ചത്. ഇനിയും ഇത്തരം വിമര്‍ശനങ്ങള്‍ക്ക് അവസരം നല്‍കേണ്ടെന്ന നിലപാടിലാണ് സിപിഎം. ആലപ്പുഴ സമ്മേളനം എപ്പോള്‍ നടത്തണമെന്ന് പിന്നീട് തീരുമാനിക്കും.
ഫെബ്രുവരി 15 ശേഷമുള്ള രോഗവ്യാപനത്തിന്റെ അവസ്ഥ അറിഞ്ഞ ശേഷം സമ്മേളന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടത്താനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ 6 മുതല്‍ നടത്താന്‍ നിശ്ചയിച്ച് പാര്‍ട്ടി കോണ്‍ഗ്രസും രോഗവ്യാപനം വര്‍ധിക്കുകയാണെങ്കില്‍ മാറ്റി വയ്ക്കും.
ALSO READ വഴിവിട്ട ഇടപാടുകളിൽ സർക്കാരിന് ഭയം; ലോകായുക്തക്കെതിരായ നടപടി ജനാധിപത്യ വിരുദ്ധമെന്ന് ഉമ്മൻചാണ്ടി