തിരുവന്തപുരം : അമ്മ അനുപമയറിയാതെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ച സംഭവത്തിൽ സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പനില്‍ നിന്ന് വിവരങ്ങൾ തേടി സംസ്ഥാന നേതൃത്വം.
എ.കെ.ജി സെന്‍ററിൽ വിളിച്ചുവരുത്തിയാണ് വിശദാംശങ്ങള്‍ ആരാഞ്ഞത്. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണ് വിശദീകരണം തേടിയത്. കുഞ്ഞിനെ ദത്ത് നൽകിയ സംഭവം വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും.
നേരത്തെ വിഷയത്തില്‍ ഇടപെട്ടതിനെ തുടർന്നാണ് ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനെ നേരിട്ട് വിളിച്ചുവരുത്തിയത്. കേന്ദ്ര നേതാക്കൾ ഇടപെട്ടിട്ടും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ അറിയിച്ചിട്ടും അനുപമയ്ക്ക് നീതി കിട്ടിയില്ലെന്നത് സി.പി.എമ്മിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്.
ഇക്കാര്യത്തിൽ സി.പി.എം നേതാവായ ജയചന്ദ്രനെതിരെ (അനുപമയുടെ അച്ഛന്‍) നടപടി ഉറപ്പാണ്. ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാനെതിരെയും നടപടി വേണമെന്നും അനുപമ ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: എസ്.എഫ്.ഐ അതിക്രമം : എ.ഐ.എസ്.എഫ് വനിതാനേതാവിന്‍റെ മൊഴിയെടുത്തു
എന്നാൽ ഇക്കാര്യത്തിൽ ഷിജുവിന് വീഴ്ച വന്നിട്ടില്ലെന്നാണ് ഡി.വൈ.എഫ്.ഐ അടക്കമുള്ള സംഘടനകളുടെ നിലപാട്. നിയമപരമായ നടപടിക്രമങ്ങളിൽ വീഴ്ച വന്നിട്ടില്ലെങ്കിൽ ഷിജുഖാനെതിരെ നടപടി ഉണ്ടാകാൻ സാധ്യതയില്ല.