എറണാകുളം: കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനതിരായ നടപടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. സിപിഎം ജില്ലാ കമ്മിറ്റി തീരുമാനമാണ് സംസ്ഥാന നേതൃത്വം അംഗീകരിച്ചത്. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിലാണ് സക്കീർ ഹുസൈനെ ആറുമാസത്തേക്ക് സസ്പെൻസ് ചെയ്തത്.
എറണാകുളം ജില്ലാ കമ്മിറ്റി നിയോഗിച്ച ദിനേശ് മണി, പി.ആർ മുരളി തുടങ്ങിയവർ ഉൾപ്പെട്ട രണ്ട് അംഗ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് സക്കീർ ഹുസൈനെതിരെ ജില്ലാകമ്മിറ്റി നടപടി എടുത്തത്. വരവിൽ കവിഞ്ഞ ആസ്തിയും വീടുകളും പണവും ക്രമക്കേടിലൂടെ സ്വന്തമാക്കിയെന്നാണ് സമിതിയുടെ കണ്ടെത്തൽ. ഭാര്യയുടെ വരുമാനം കൊണ്ടാണ് ഇവയെല്ലാം വാങ്ങിയതെന്നായിരുന്നു സക്കീർ ഹുസൈൻ നൽകിയ വിശദീകരണം. എന്നാൽ ഇത് സിപിഎം തള്ളി സക്കീർ ഹുസൈനെതിരെ നടപടിയെടുക്കുകയായിരുന്നു.
ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം വിശദമായി പരിശോധിച്ച് ഇയാൾക്കെതിരെ നടപടിയെടുക്കുയായിരുന്നു. രണ്ടംഗ സമിതി റിപ്പോർട്ടിനൊപ്പം സക്കീർ ഹുസൈനെതിരെ ഉയർന്ന മറ്റ് ആരോപണങ്ങൾ കൂടി പരിഗണിച്ചാണ് ജില്ലാ കമ്മറ്റിയുടെ നടപടിക്ക് സിപിഎം സെക്രട്ടറിയേറ്റ് അംഗീകാരം നൽകിയത്.