തിരുവനന്തപുരം: കൊവിഡ് വ്യാപന ഭീഷണിയും ലോക്ക് ഡൗണും തുടങ്ങിയ ശേഷമുള്ള, സി.പി.എമ്മിന്‍റെ ആദ്യ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. ഓൺലൈൻ ആയാണ് സമ്മേളനം നടക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാണ് ഇന്നത്തെ സംസ്ഥാന സമിതിയുടെ പ്രധാന പരിഗണനാ വിഷയം. സംഘടനാ പ്രവർത്തനം ഇനിയും സ്തംഭിപ്പിച്ചു നിർത്താൻ കഴിയില്ലെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. നേരത്തെ പോളിറ്റ് ബ്യൂറോ യോഗം ഇത്തരത്തിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ ചേർന്നിരുന്നു. തെരഞ്ഞെടുപ്പ് വർഷത്തിൽ പരമാവധി പ്രവർത്തനമാണ് പാർട്ടി ലക്ഷ്മിടുന്നത്. ഇടതു സർക്കാരിന് അനുകൂലമായ ജനവികാരം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പരമാവധി പ്രയോജനപ്പെടുത്താനാണ് സിപിഎം ശ്രമം.
സംസ്ഥാനത്ത് തുടർഭരണം എന്ന ലക്ഷ്യവും സിപിഎമ്മിനുണ്ട്. സർക്കാർ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് സിപിഎം രൂപം നൽകും. കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന്‍റെ പ്രവർത്തനം മികച്ചതെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തൽ. ഇതിനിടയിൽ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടാനുള്ള തീരുമാനമാണ് സിപിഎമ്മിനുള്ളത്. ഇക്കാര്യങ്ങളിൽ സിപിഎം സംസ്ഥാന സമിതിയിൽ അന്തിമ തീരുമാനമുണ്ടാകും. സർക്കാരിന്‍റെ തീരുമാനങ്ങളിൽ സിപിഐയുടെ വിമർശനവും സംസ്ഥാന സമിതി പരിഗണിക്കും.
പമ്പയിലെ മണലെടുപ്പ് വിഷയവും അതിരപ്പിള്ളി പദ്ധതിയിലുമാണ് സിപിഐ പ്രധാനമായി വിമർശനമുന്നയിച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തതിനാൽ പരമാവധി വേഗത്തിൽ ഉള്ള പ്രവർത്തനമാണ് സിപിഎം ലക്ഷ്യമിടുന്നത്. ബ്രാഞ്ച് തലം മുതൽ ഇതിനായുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും വാട്ട്സപ്പ് കൂട്ടായ്മകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ശ്രമം.