തിരുവനന്തപുരം: നിയമന വിവാദങ്ങള്‍ വിശദമായി പരിശോധിക്കാന്‍ സിപിഎം തീരുമാനം. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് നിയമന വിവാദം വിശദമായി തന്നെ പരിശോധിക്കാന്‍ തീരുമാനിച്ചത്. നിയമന വിവാദങ്ങള്‍ പൊതുജനങ്ങൾക്കിടയില്‍ തിരിച്ചടിയാകുന്ന നിലയുണ്ടായെന്ന വിലയിരുത്തലിലാണ് സിപിഎം.
സര്‍വകലാശാലകളിലെ നിയമനങ്ങള്‍ സംബന്ധിച്ച് വന്ന വിവാദങ്ങള്‍ പാര്‍ട്ടിയെ കുറിച്ച് അവമതിപ്പ് ഉണ്ടാകുന്ന തലത്തിലേക്കാണ് വളര്‍ന്നത്. ഇത് വിമര്‍ശിക്കാന്‍ പ്രതിപക്ഷത്തിനും ഗവര്‍ണര്‍ക്കും ആയുധം നല്‍കുന്ന സ്ഥിതിയുണ്ടാക്കിയെന്നും സിപിഎം വിലയിരുത്തി. ഇത് കൂടാതെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദവും സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്‌തു.
കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ കടുത്ത അതൃപ്‌തിയുണ്ട്. നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ഗൗരവമായി പരിശോധിക്കാനാണ് സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ വിഷയം സജീവമായി നില്‍ക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായൊരു പരിശോധനയുണ്ടാകില്ല.
വിവാദങ്ങള്‍ തണുത്ത ശേഷമാകും പാര്‍ട്ടിയുടെ പരിശോധന. വിവാദങ്ങള്‍ക്കിടയാക്കിയ സാഹചര്യങ്ങള്‍ വിശദമായി പരിശോധിക്കും. ഭാവിയില്‍ ഇത്തരം വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത പാലിക്കുന്നതിനായാണ് വീഴ്‌ചകള്‍ സിപിഎം പഠിക്കുക.