തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ സര്‍ക്കാരിനെതിരായ തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഎം. വിഷയവുമായി ബന്ധപ്പെട്ട ആശങ്കകളിൽ സർക്കാർ പരിഹാരം കാണുമെന്ന് വ്യക്തമാക്കിയിരിക്കെ സര്‍ക്കാരിനെതിരെ തെറ്റായ പ്രചാരണങ്ങളുമായി ഇറങ്ങിയിരിക്കുന്നവരുടെ താത്‌പര്യങ്ങള്‍ തിരിച്ചറിയണം. തെറ്റായ പ്രചാരണങ്ങളില്‍ ജനങ്ങള്‍ കുടുങ്ങിപ്പോകരുതെന്നും സിപിഎം പ്രസ്‌താവനയിൽ വ്യക്തമാക്കി.
ഉപഗ്രഹ സര്‍വേ ഭാഗികമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉപഗ്രഹ സഹായത്തോടെ തയ്യാറാക്കിയത് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ്. ഇതിലാവട്ടെ എല്ലാ നിര്‍മിതികളും ഉള്‍പ്പെട്ടിട്ടില്ല. വിട്ടുപോയവ ഫീല്‍ഡ് സര്‍വേയില്‍ കൂട്ടിച്ചേര്‍ക്കുമെന്ന കാര്യവും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്‍റെ പരിസ്ഥിതിയും ജനങ്ങളുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്.
ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക എന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് ഏതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ല. ജനങ്ങളുടെ ജീവിതം സംരക്ഷിക്കുമെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ബഫര്‍സോണ്‍ രൂപപ്പെടുത്തുന്ന നടപടിയാണ് ഉണ്ടാവേണ്ടതെന്നും സിപിഎം പ്രസ്‌താവനയിൽ വ്യക്തമാക്കി.