തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ സംസ്ഥാന സമിതി ചേരാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം. ജൂണ്‍ 12 വെള്ളിയാഴ്ചയാണ് യോഗം. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് യോഗം ചേരുന്നത്. സംഘടനാ പ്രവർത്തനം ഇനിയും സ്തംഭിപ്പിച്ചു നിർത്താൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് സിപിഎം. പൊളിറ്റ് ബ്യൂറോ യോഗം വീഡിയോ കോൺഫറൻസിങ്ങിലൂടെ ചേർന്നിരുന്നു.
തെരഞ്ഞെടുപ്പ് വർഷത്തിൽ പരമാവധി പ്രവർത്തനമാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഇടത് സർക്കാരിന് അനുകൂലമായ ജനവികാരം പരമാവധി പ്രയോജനപ്പെടുത്തി തുടർ ഭരണം എന്ന ലക്ഷ്യം നേടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിൽ അണികളോട് ആഹ്വാനം ചെയ്തിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കൂടി അടുത്ത് വരുന്ന സാഹചര്യത്തിൽ പരമാവധി സർക്കാർ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് സിപിഎം ഭാഗത്തുനിന്ന് ഉള്ളത്.
കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന്‍റെ പ്രവർത്തനം മികച്ചത് എന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തൽ. പ്രതിപക്ഷം ഉയർത്തുന്ന ചില ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടാമെന്ന കണക്കുകൂട്ടലാണ് സിപിഎമ്മിനുള്ളത്. ഇക്കാര്യങ്ങളിൽ സിപിഎം സംസ്ഥാന സമിതിയിൽ അന്തിമ തീരുമാനമുണ്ടാകും.
പമ്പയിലെ മണലെടുപ്പ് വിഷയം മുന്നണിക്കുള്ളിൽ പ്രശ്നം ആകാതിരിക്കാൻ ശ്രദ്ധിക്കണം എന്ന് കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് നിർദേശിച്ചിരുന്നു. പരമാവധി വേഗത്തിൽ ഉള്ള പ്രവർത്തനമാണ് സിപിഎം ലക്ഷ്യമിടുന്നത്. ബ്രാഞ്ച് തലം മുതൽ ഇതിനായുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും വാട്ട്സാപ്പ് കൂട്ടായ്മകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ശ്രമം.