തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടു പോകുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ പദ്ധതിക്കായി വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് സി.പി.എം തയ്യാറെടുക്കുന്നു. സി.പി.എം പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തില്‍ വീടുകളില്‍ നേരിട്ടെത്തി പദ്ധതിയെ കുറിച്ച് വിശദീകരിക്കാനാണ് തീരുമാനം.
ലഘുലേഖ സി.പി.എം പുറത്തിറക്കി
കേരളത്തിന്‍റെ വികസന പദ്ധതികളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന യു.ഡി.എഫ്- ബിജെ.പി- ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടിനെതിരെ അണിനിരക്കുക എന്ന തലക്കെട്ടോടെയാണ് ലഘുലേഖ പുറത്തിറക്കിയത്.
കെ.-റെയിലിന്‍റെ സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തിന്‍റെ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ കടന്നു പോകുന്നില്ലെന്ന് സി.പി.എം ലഘുലേഖയില്‍ അവകാശപ്പെടുന്നു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ജലാശയങ്ങളും തണ്ണീര്‍ത്തങ്ങളും കൂടുതല്‍ സംരക്ഷിക്കപ്പെടുമെന്നാണ് വാദം. ആരാധനാലയങ്ങളെ പരമാവധി ബാധിക്കാതെ പദ്ധതി നടപ്പാക്കും.
ALSO READ കിഴക്കമ്പലം ആക്രമണം: ഇതുവരെ അറസ്റ്റിലായത് 50 പേർ, ഇന്ന് രേഖപ്പെടുത്തിയത് 26 പേരുടെ അറസ്റ്റ്
പദ്ധതിയുടെ ചെലവ് ഒരു ലക്ഷം കോടിക്കു മുകളിലാകുമെന്നത് വസ്‌തുത വിരുദ്ധമായ ആരോപണമാണ്. പദ്ധതിയുടെ ഭാഗമായി കുടിയൊഴുപ്പിക്കപ്പെടുന്ന 9314 കുടുംബങ്ങള്‍ക്കും കെട്ടിട ഉടമകള്‍ക്കും മെച്ചപ്പെട്ട നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും. പദ്ധതിയെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ലഘുലേഖയില്‍ ആരോപണമുണ്ട്.
പദ്ധതിയെ രാഷ്‌ട്രീയമായി നേരിടാന്‍ യു.ഡി.എഫ് തീരുമാനിച്ച സാഹചര്യത്തില്‍ രാഷ്‌ട്രീയമായി തന്നെ തിരിച്ചു നേരിടാനാണ് സി.പി.എം തീരുമാനം. ഒപ്പം തദ്ദേശ ഭരണ തെരഞ്ഞെടുപ്പു കാലത്ത് പയറ്റി വിജയിച്ച യു.ഡി.എഫ്-ബി.ജെ.പി- ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടെന്ന പ്രചാരണം ശക്തമാക്കാനും സി.പി.എം ഉദ്ദേശിക്കുന്നെന്ന കാര്യം വ്യക്തമാണ്.
പോരുമുറുകുന്ന കെ റെയിൽ രാഷ്‌ട്രീയ കളരിയിൽ ഇനി എന്താണ് യു.ഡി.എഫിന്‍റെ പ്രത്യേകിച്ച് കോണ്‍ഗ്രസിന്‍റെ മറു തന്ത്രം എന്ത് കാത്തിരുന്നു തന്നെ കാണേണ്ടി വരും.
ALSO READ തെലങ്കാന-ഛത്തീസ്‌ഗഢ് അതിർത്തിയിൽ ഏറ്റുമുട്ടൽ; ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു