തിരുവനന്തപുരം: തൊഴിൽ തട്ടിപ്പിൽ സരിത എസ് നായരുടെ ശബ്ദരേഖയുടെ കൂടുതൽ ഭാഗം പുറത്ത്. ഭരിക്കുന്ന പാർട്ടിക്ക് വേണ്ടിയാണ് പിൻവാതിൽ നിയമനങ്ങൾ എന്ന് ശബ്ദരേഖയിൽ പരാതിക്കാരനോട് സരിത പറയുന്നു. പാർട്ടി ഫണ്ടിന് വേണ്ടിയാണ് പിൻവാതിൽ നിയമനങ്ങൾ നടത്തുന്നതെന്നും അവർക്ക് തന്നെ പേടിയാണെന്നും അത് താൻ ഉപയോഗിക്കുന്നുണ്ടെന്നും സരിത ശബ്ദ രേഖയിൽ പറയുന്നുണ്ട്. ജോലി നൽകാൻ പിരിക്കുന്ന പണത്തിൽ പകുതി പാർട്ടിക്കും ഉദ്യോഗസ്ഥർക്കുമാണ് നൽകുന്നതെന്നും തൊഴിൽ തട്ടിപ്പിൽ പരാതിക്കാരനായ നെയ്യാറ്റിൻകര സ്വദേശിയായ യുവാവിനോട് ഫോൺ സംഭാഷണത്തിൽ സരിത അവകാശപ്പെടുന്നു.
Read More: നാല് പേർക്ക് പിൻവാതിൽ നിയമനം വാങ്ങി നൽകി; സരിത എസ് നായരുടെ ശബ്ദരേഖ പുറത്ത്
സംസ്ഥാന സർക്കാരിൻ്റെ ആരോഗ്യ കേരളം പദ്ധതിയിൽ പിൻവാതിലിലൂടെ താൻ നിയമനം നൽകിയെന്ന് അവകാശപ്പെടുന്ന സരിതയുടെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് തൊഴിൽ തട്ടിപ്പിൽ രാഷ്ട്രീയ ബന്ധം വെളിവാക്കുന്ന സരിതയുടെ പുതിയ ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്. ബെവ്കോയിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്ത് നെയ്യാറ്റിൻകര സ്വദേശികളിൽ നിന്ന് 21 ലക്ഷം രുപയോളം തട്ടിയെന്നാണ് കേസ്. കേസിൽ സരിത എസ് നായർ അടക്കമുള്ളവർക്കെതിരെ പൊലീസ് നടപടി വൈകുകയാണ്.