ആറ്റിങ്ങല്‍: ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്. സ്വന്തം പേരിലുള്ള കേസുകൾ പത്രങ്ങളിലൂടെ നൽകി പരസ്യപ്പെടുത്തിയില്ലെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
സ്ഥാനാർഥികൾ സ്വന്തം പേരിലുള്ള ക്രിമിനൽ കേസുകൾ പത്രമാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തണമെന്ന്, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടം പുറത്തിറക്കിയിരുന്നു. തനിയ്ക്കെതിരെ ഏഴ് കേസുകളുണ്ടെന്ന് അടൂർ പ്രകാശ് നാമനിർദേശപത്രികയിൽ വ്യക്തമാക്കിയിരിക്കുന്നു. എന്നാൽ ഇത് പത്ര പരസ്യം വഴി പ്രസിദ്ധപ്പെടുത്തിയിട്ടില്ല.
നിശ്ശബ്ദപ്രചാരണത്തിന് മുമ്പ് തന്നെ കേസുകളുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്നാണ് ചട്ടം. അതായത് ചട്ടപ്രകാരം ഇനി രണ്ട് ദിവസം മാത്രമേ കേസ് വിവരങ്ങൾ പ്രസിദ്ധപ്പെടുത്താൻ ബാക്കിയുള്ളൂ.