തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ആരംഭിക്കുമ്പോൾ ശബരിമല വിഷയം വീണ്ടും ഉയർത്തിയ യുഡിഎഫ് ലക്ഷ്യമിട്ടത് സിപിഎമ്മിനെ തന്നെയാണ്. എന്നാല്‍ യു.ഡി.എഫ് ഉയര്‍ത്തിയ ശബരിമല വിവാദ വലയില്‍ വീഴേണ്ടതില്ലെന്ന് ആദ്യം സിപിഎം നിലപാടെടുത്തു. വിഷയം സംസ്ഥാനത്ത് ചർച്ചയായതോടെ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ രംഗത്ത് വന്നിരുന്നു. പക്ഷേ ആ വിശദീകരണം മതിയാകുമായിരുന്നില്ലെന്ന് പിന്നീട് സിപിഎമ്മിന് മനസിലായി. അതുകൊണ്ട് തന്നെയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും കേരളത്തിലെ മുതിർന്ന നേതാവുമായ എംവി ഗോവിന്ദൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാന തത്വ സംഹിതയായ വൈരുദ്ധ്യാത്മക ഭൗതികവാദത്തെ തന്നെ തള്ളി രംഗത്ത് എത്തിയത്.
സി.പി.എം അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു എം.വി. ഗോവിന്ദൻ വൈരുദ്ധ്യാത്മക ഭൗതികവാദത്തെ തള്ളിപ്പറഞ്ഞത്. വിശ്വാസികളെയും വിശ്വാസത്തിന് അടിസ്ഥാനമായിട്ടുള്ള ദൈവിക സങ്കല്‍പ്പങ്ങളെയും തള്ളിപ്പറഞ്ഞുകൊണ്ട് വൈരുദ്ധ്യാത്മക ഭൗതികവാദമെന്ന ദാര്‍ശനിക പ്രപഞ്ചത്തെ ഇന്നത്തെ ഈ ഫ്യൂഡല്‍ പശ്ചാത്തലത്തെ മുന്‍ നിര്‍ത്തി മുന്നോട്ടു കൊണ്ടു പോകാനാകില്ലെന്നായിരുന്നു ഗോവിന്ദന്‍റെ പ്രസംഗം. ജനാധിപത്യ വിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഇവിടെ ഫ്യൂഡലിസം അവസാനിച്ചിട്ടില്ല. അതിന്‍റെ ജീര്‍ണത ഇപ്പോഴും സമൂഹത്തിന്‍റെ അടിത്തട്ടിലുണ്ട്. വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാക്കാന്‍ പാകമായ അവസ്ഥയിലല്ല ഇന്ത്യന്‍ സമൂഹം. ഭൗതികവാദ നിലപാട് പോലും സ്വീകരിക്കാന്‍ കഴിയാത്ത ഒരു സമൂഹത്തില്‍ വൈരുദ്ധ്യാത്മക ഭൗതിക വാദ ദര്‍ശനം പകരംവയ്ക്കുക എന്നത് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സാധിക്കുന്ന ഒന്നല്ലെന്നും പ്രസംഗത്തില്‍ ഗോവിന്ദന്‍ വ്യക്തമാക്കി. ഇതോടെ ഭൗതിക വാദത്തില്‍ നിന്ന് സി.പി.എം ആത്മീയ വാദത്തിലേക്ക് നീങ്ങുന്നു എന്ന പ്രചാരണം പ്രതിപക്ഷം ശക്തമാക്കി.
എല്‍.ഡി.എഫിലെ ഘടക കക്ഷിയായ സി.പി.ഐ ഗോവിന്ദന്‍റെ ഈ വാദത്തെ തള്ളി. ഇന്ത്യയില്‍ നടപ്പാക്കാനാകുമോ അല്ലയോ എന്നതല്ല വൈരുദ്ധ്യാത്മക ഭൗതികവാദമില്ലെങ്കില്‍ കമ്മ്യൂണിസം തന്നെ അപ്രസകത്മാകുമെന്നു ചൂണ്ടിക്കാട്ടി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരിട്ട് രംഗത്ത് എത്തി. എന്നാല്‍ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി എത്തിയ ഗോവിന്ദന്‍ താന്‍ നടത്തിയ പ്രസ്താനയില്‍ ഉറച്ചു നില്‍ക്കുകയാണുണ്ടായത്. യഥാര്‍ഥത്തില്‍ ശബരിമല വിഷയം ഒരു തെരഞ്ഞെടുപ്പ് വിഷയമായി യു.ഡി.എഫ് ഉയര്‍ത്തുമ്പോള്‍ അതൊരു നനഞ്ഞ പടക്കമാകുമെന്നായിരുന്നു സി.പി.എമ്മിന്‍റെ കണക്കു കൂട്ടല്‍. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലുണ്ടായ അനുകൂല സാഹചര്യം ഇക്കാര്യത്തില്‍ അവരുടെ ആത്മ വിശ്വാസം ഉയര്‍ത്തി. എന്നാല്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയുടെ ആചാര സംരക്ഷണത്തിന് നിയമ നിര്‍മ്മാണം നടത്തുമെന്നു മാത്രമല്ല, നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തിന്‍റെ കരടും യു.ഡി.എഫ് പുറത്തു വിട്ടു. ഇതോടെ ശബരിമലയുടെ കാര്യത്തില്‍ യു.ഡി.എഫ് നടത്തുന്നത് വെറും പ്രചാരണമല്ലെന്നും അവര്‍ പ്രശ്‌നത്തെ ഗൗരവ പൂര്‍ണമായാണ് സമീപിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തനായെന്നും സി.പി.എമ്മിനു മനസിലായി. അതോടെയാണ് കമ്മ്യൂണിസത്തിന്‍റെ അടിസ്ഥാന തത്വമായ വൈരുദ്ധ്യാത്മക ഭൗതികവാദം ബലികഴിച്ച് വിശ്വാസികളെയും അവിശ്വാസികളെയും വര്‍ഗപരമായി ഒരുമിപ്പിക്കും എന്ന നിലയിലേക്ക് തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മിനു മാറേണ്ടി വന്നത്. നവോഥാനത്തിന്‍റെ പേരുപറഞ്ഞ് ശബരിമലയില്‍ സുപ്രീംകോടതിയുടെ യുവതീപ്രവേശന വിധി നടപ്പാക്കാന്‍ ശ്രമിച്ചതിനുള്ള കനത്ത തിരിച്ചടി അതിനു തൊട്ടുപിന്നാലെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍.ഡി.എഫ് നേരിട്ടിരുന്നു. 20 സീറ്റില്‍ 19 ഇടത്തും എല്‍.ഡി.എഫ് തോറ്റു.
കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫയര്‍ പാര്‍ട്ടിയുമായി യു.ഡി.എഫ് ഉണ്ടാക്കിയ ധാരണ മുഖ്യ പ്രചാരണമാക്കി യു.ഡി.എഫിനൊപ്പമുണ്ടായിരുന്ന പരമ്പരാഗത ഹിന്ദു, ക്രിസ്ത്യന്‍ വോട്ടുകളില്‍ വിള്ളലുണ്ടാക്കി നേട്ടം കൊയ്യാന്‍ സി.പി.എമ്മിനു കഴിഞ്ഞിരുന്നു. ഇതു മനസിലാക്കി തങ്ങളില്‍ നിന്നകന്ന പരമ്പരാഗത ഹിന്ദു വോട്ടുകളെ ഒപ്പം ചേര്‍ക്കാനും അതോടൊപ്പം കേരളത്തിലെ എല്ലാ വിശ്വാസി സമൂഹങ്ങള്‍ക്കൊപ്പവുമാണ് യു.ഡി.എഫ് എന്ന് സ്ഥാപിക്കാനുമാണ് യു.ഡി.എഫ് ശബരിമല മുഖ്യപ്രചാരണ ആയുധമാക്കിയത്. ശബരിമലയില്‍ യുവതീപ്രവേശത്തിന് അനുകൂലമായി ഒരിക്കല്‍ കൂടി നിലപാടെടുത്ത് മറ്റൊരു തിരിച്ചടി കൂടി ഏറ്റുവാങ്ങാന്‍ സി.പി.എം തയ്യാറല്ല. ഈ സാഹചര്യത്തിലാണ് ഭൗതികവാദത്തെ തള്ളിപ്പറയാൻ സി.പി.എം തയ്യാറായതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ശബരിമല യുടെ കാര്യത്തില്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന റിവ്യൂ ഹര്‍ജിയില്‍ തീരുമാനമുണ്ടായ ശേഷം എല്ലാ വിഭാഗങ്ങളുമയി ചര്‍ച്ച ചെയ്തു മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്ന സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയുടെ പ്രസ്താവനയും വിശ്വാസികളുടെ കാര്യത്തില്‍ സി.പി.എം നിലപാട് മാറ്റുന്നുവെന്നതിന്‍റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.