തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാറിനെതിരെ സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. തുടര്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയില്ലെന്നാണ് പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് വലിയ വീഴ്‌ചയുണ്ടായി. പൊലീസിന്‍റെ ഭാഗത്ത് നിന്നും നിരന്തരം മോശം പെരുമാറ്റം ഉണ്ടായിട്ടും നിയന്ത്രിക്കാന്‍ നടപടിയുണ്ടാകുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.
മന്ത്രിമാരുടെ ഓഫിസുകള്‍ ജനങ്ങളില്‍ നിന്ന് അകലുകയാണ്. മന്ത്രിമാരുടെ ഓഫിസുകളുമായി ബന്ധപ്പെടാന്‍ പോലുമാകുന്നില്ല. ജനങ്ങളുടെ ആവശ്യങ്ങളുമായി എത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നു.
ആരോഗ്യ വകുപ്പിന്‍റെ പ്രവര്‍ത്തനത്തേയും പ്രതിനിധികള്‍ വിമര്‍ശിച്ചു. സംസ്ഥാനത്തെ ആശുപത്രികളില്‍ സേവനം മെച്ചപ്പെടണമെന്നും സമ്മേളനത്തില്‍ നിര്‍ദേശമുയര്‍ന്നു. മുഖ്യമന്ത്രിയുടെ ഓഫിസും പരാജയമാണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരും ഇല്ലാത്ത അവസ്ഥയാണ്. ഭരണത്തില്‍ പാര്‍ട്ടി ഇടപെടരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിനെതിരേയും വിമര്‍ശനമുയര്‍ന്നു.
സാധാരണക്കാരന്‍ വന്ന് കാണുമ്പോള്‍ സഹായം ചെയ്യേണ്ടത് പാര്‍ട്ടിയാണ്. മന്ത്രിമാരുടെ ഓഫിസുകളില്‍ നിന്ന് സഖാക്കളും ജനപ്രതിനിധികളും ദുരനുഭവം നേരിടുന്നുണ്ട്. ജനങ്ങളുടെ ആവശ്യത്തിനായി മന്ത്രിമാരുടെ ഓഫിസില്‍ പോകുമ്പോള്‍ ആരുടെയോ ക്വട്ടേഷനുമായി വന്നിരിക്കുന്നു എന്ന പരിഹാസമാണ് ഉണ്ടാകുന്നത്. സാധാരണ പാര്‍ട്ടിയംഗങ്ങളുടെ കൂടി വിയര്‍പ്പാണ് ഈ സര്‍ക്കാര്‍ എന്ന് മനസിലാക്കണമെന്ന് ജില്ല സമ്മേളനത്തിൽ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
കെ റെയില്‍ മുഖ്യമന്ത്രിക്കും മരുമകനും പണം തട്ടാനാണെന്ന് എതിരാളികള്‍ പ്രചരിപ്പിക്കുന്നു. ഇത്തരം പ്രചരണങ്ങളെ നേരിടണമെന്നും നിര്‍ദേശമുയര്‍ന്നു. പ്രതിനിധി സമ്മേളനത്തില്‍ തിരുവനന്തപുരം ജില്ല നേതൃത്വത്തെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പാര്‍ട്ടി പരിപാടികളില്‍ ജനപങ്കാളിത്തം കുറവാണെന്നും ജില്ലയിലെ ബിജെപി വളര്‍ച്ച തടയാന്‍ കര്‍മപദ്ധതികളൊന്നും നേതൃത്വം രൂപം നല്‍കുന്നില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.