തിരുവനന്തപുരം: കേരളത്തിന് അർഹതപ്പെട്ട വിഹിതം നൽകാതെ വസ്‌തുത വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ശ്രമിക്കുന്നതെന്ന് സിപിഎം. ബദൽ സാമ്പത്തിക നയങ്ങൾ ഉയർത്തി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണ്. ഇതിനെ തടയാൻ സാമ്പത്തികമായി കേരളത്തെ ഞെക്കി കൊല്ലാനുള്ള നിലപാടുകളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും സിപിഎം.
ഈ നിലപാടിന് ന്യായീകരണം ഒരുക്കുകയാണ് കേന്ദ്ര ധനകാര്യ മന്ത്രി ചെയ്യുന്നതെന്നും സിപിഎം പ്രസ്‌താവനയിൽ ആരോപിച്ചു. ജിഎസ്‌ടിയുമായി ബന്ധപ്പെട്ട മുഴുവന്‍ കണക്കുകളും കേരളം കൃത്യമായി സമർപ്പിക്കുന്നുണ്ട്. ഇക്കാര്യം വ്യക്തമാകുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള കത്തിടപാടുകൾ പരിശോധിച്ചാൽ മതി.
ഓഡിറ്റുകൾ എല്ലാം നടത്തുന്നത് കേന്ദ്ര ഏജൻസിയാണ്. എന്നിട്ടും ഓഡിറ്റ് റിപ്പോർട്ടുകൾ നൽകിയില്ല എന്ന പേരിൽ സംസ്ഥാന സർക്കാരിനെ പഴിചാരുന്ന ശ്രമങ്ങൾ തുറന്ന് കാട്ടണം. കിഫ്‌ബി പോലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ സംസ്ഥാന സർക്കാരിന്‍റെ കണക്കിൽ പെടുത്തിയതോടെ 40000 കോടി രൂപയുടെ കുറവാണ് സംസ്ഥാനത്തിന് ഉണ്ടായതെന്നാണ്. ഇത് ക്ഷേമ പെൻഷൻ അടക്കമുള്ള സർക്കാരിന്‍റെ പ്രവർത്തനങ്ങളെ ബാധിച്ചു.
സംസ്ഥാനത്ത് ക്ഷേമ പദ്ധതികളെ അട്ടിമറിക്കാനുള്ള നീക്കമായി ഇതിനെ കാണണമെന്നും സി പി എം ആവശ്യപ്പെട്ടു. ന്യായമായ ആവശ്യങ്ങൾക്ക് പോലും കടം എടുക്കാൻ പാടില്ലെന്ന് നിലപാട് അംഗീകരിക്കാൻ കഴിയില്ല. ഇത് സംസ്ഥാനത്തിന്‍റെ വികസനത്തെ ബാധിക്കും. ജിഎസ്‌ടി നഷ്‌ടപരിഹാരം അഞ്ച് വർഷം കൂടി നൽകണമെന്ന് സംസ്ഥാന സർക്കാരിൻ്റെ ആവശ്യം നിലവിൽ കേന്ദ്രത്തിന് മുന്നിലുണ്ട്. ഇത് പരിഗണിക്കുന്നതിന് പകരം തെറ്റായ ന്യായവാദങ്ങളുമായാണ് കേന്ദ്ര ധനമന്ത്രി രംഗത്തിറങ്ങുന്നതെന്നും സിപിഎം ആരോപിച്ചു. സംസ്ഥാനത്തെ അപമാനിച്ചുള്ള കേന്ദ്ര മന്ത്രിമാരുടെ പ്രസ്‌താവനകള്‍ ബദൽ നയങ്ങൾ ഉയർത്തി പിടിക്കുന്നതിന്‍റെ പ്രതികാരമാണ്.
കർണാടകയിൽ വച്ച് തൊട്ടടുത്ത് കേരളമുണ്ട് സൂക്ഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്‌താവന മതനിരപേക്ഷത ഉയർത്തി പിടിച്ച് മുന്നോട്ട് പോകുന്നത് കൊണ്ടാണ്. കേരളത്തിന് എതിരെയുള്ള ഈ പ്രസ്‌താവനകളിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.