തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സി.പി.എം- സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തുടക്കമായി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എ.കെ.ജി സെന്‍ററില്‍ എത്തി സി.പി.എം നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. കഴിഞ്ഞ തവണ സി.പി.ഐ മത്സരിച്ച 27 സീറ്റുകളില്‍ വിട്ടുവീഴ്‌ചകള്‍ വേണ്ടി വന്നേയ്ക്കും.
ചങ്ങനാശ്ശേരി സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കവും തുടരുന്നുണ്ട്. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച സീറ്റ് സി.പി.ഐയ്ക്ക് നല്‍കാനുള്ള സി.പി.എം തീരുമാനത്തിനെതിരെ ജോസ് കെ. മാണിയും ജനാധിപത്യ കേരള കോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കുന്നതിന് പകരമായി കോട്ടയം ജില്ലയിലെ ഏതെങ്കിലും സീറ്റ് സി.പി.ഐയ്ക്ക് നല്‍കേണ്ടി വരും. അതേസമയം, ചര്‍ച്ച നാളെയും തുടരുമെന്ന് കാനം രാജേന്ദ്രന്‍ അറിയിച്ചു.