തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിലടക്കം കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായ സമരം ശക്തമാകുന്നതിനിടെ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. കേന്ദ്ര സര്‍ക്കാരിനെതിരായ സമരം ശക്തമാക്കുന്നത് സംബന്ധിച്ച ചർച്ചകളാകും മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന യോഗത്തിലെത്തുന്നത്. കേരള ഗവർണറുടെ ശൈലിക്കെതിരായ പ്രതിഷേധവും കേന്ദ്ര കമ്മിറ്റിയിലുണ്ടാകും. വിളപ്പിൽശാല ഇ.എം.എസ് അക്കാദമിയിൽ ചേരുന്ന കേന്ദ്ര കമ്മറ്റിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരടക്കമുള്ളവര്‍ പങ്കെടുക്കും.
കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന യോഗം വിലയിരുത്തും. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കേന്ദ്രത്തിന്റെ സാമ്പത്തിക, വർഗീയ നയങ്ങൾക്കെതിരെയും പ്രതിഷേധം ശക്തമാക്കാനുള്ള സാധ്യതകൾ യോഗം പരിശോധിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാന നിലപാടുള്ള എല്ലാ കക്ഷികളുടെയും ഐക്യം രൂപപ്പെടുത്തുന്നതിനുള്ള ആലോചനകളുമുണ്ടാകും. സമീപകാലത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തുന്ന കരട് റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കും. കോഴിക്കോട് രണ്ട് യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയതിൽ പൊലീസിനെതിരായ വിമർശനം യോഗത്തിലുയർന്നേക്കാം.
ആരോഗ്യ കാരണങ്ങളാൽ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ് അച്യുതാനന്ദനും ,സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേന്ദ്ര കമ്മറ്റിയിൽ പങ്കെടുക്കുന്നില്ല. 19 ന് പുത്തരിക്കണ്ടം മൈതാനത്തിൽ നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് യോഗം സമാപിക്കുന്നത്. 2017 ജനുവരിയിലാണ് കേന്ദ്ര കമ്മിറ്റി ഇതിനു മുൻപ് കേരളത്തിൽ ചേർന്നത്.