തിരുവനന്തപുരം: സിപിഎം സ്ഥാനാര്‍ഥി പട്ടിക ഇന്ന്. രാവിലെ 11 മണിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ എകെജി സെന്‍ററിൽ വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും. 85 മണ്ഡലങ്ങളിലാണ് സിപിഎമ്മും പാര്‍ട്ടി പിന്തുണക്കുന്ന സ്വതന്ത്രരും മത്സരിക്കുന്നത്. പാര്‍ട്ടി സ്ഥാനാര്‍ഥികളെ കൂടാതെ ഇടത് സ്വതന്ത്രരേയും ഇന്ന് പ്രഖ്യാപിക്കും.
സ്ഥാനാര്‍ഥികളെ സംബന്ധിച്ച് പ്രതിഷധങ്ങള്‍ നിലനില്‍ക്കുന്ന മണ്ഡലങ്ങളിലും ഇന്ന് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും. പൊന്നാനി, മഞ്ചേശ്വരം മണ്ഡലങ്ങളിൽ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ താഴെ തട്ടിലെ കടുത്ത എതിര്‍പ്പ് കണക്കിലെടുക്കാതെ മുന്നോട്ട് പോകാനാണ് സിപിഎം നീക്കം. പ്രാദേശിക തലത്തില്‍ പ്രതിഷേധം ശക്തമാണെങ്കിലും പൊന്നാനിയില്‍ പി. നന്ദകുമാര്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പ്രതിഷേധങ്ങളെല്ലാം തള്ളിക്കളയുകയാണ് സംസ്ഥാന നേതൃത്വം ചെയ്തത്.
മഞ്ചേശ്വരത്ത് പ്രശ്‌ന പരിഹാരത്തിന് മണ്ഡലം കമ്മിറ്റി വിളിച്ചിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരന്‍ പങ്കെടുക്കുന്ന യോഗത്തില്‍ പ്രശ്‌ന പരിഹാരം സാധ്യമാകുമെന്നാണ് സിപിഎം കണക്ക് കൂട്ടല്‍. കുറ്റ്യാടിയും റാന്നിയും കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കാനുള്ള തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല.