തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായി എം ബി രാജേഷിനെ എത്തിക്കുന്നതിലൂടെ സിപിഎം ലക്ഷ്യമിടുന്നത് പ്രതിഛായ വർധിപ്പിക്കൽ തന്നെയാണ്. ഒന്നാം പിണറായി സർക്കാരിലുള്ള മന്ത്രിമാരിൽ മുഖ്യമന്ത്രി ഒഴികെ മറ്റെല്ലാ മന്ത്രിമാരെയും ഒഴിവാക്കിയ സിപിഎമ്മിന് പ്രവർത്തിപരിചയമില്ലായ്‌മ വലിയ വെല്ലുവിളിയായിരുന്നു. പല മന്ത്രിമാരുടെയും പ്രവർത്തനം സംബന്ധിച്ച് സിപിഎമ്മിനുള്ളിൽ തന്നെ വിമർശനം ഉയർന്നിരുന്നു.
ഇവയെല്ലാം മറികടക്കുകയാണ് എം ബി രാജേഷിനെ മന്ത്രിസ്ഥാനത്ത് എത്തിക്കുന്നതിലൂടെ സിപിഎം ലക്ഷ്യമിടുന്നത്. പാർലമെന്‍റേറിയനായി പേരെടുത്ത എം ബി രാജേഷ് ആദ്യമായാണ് നിയമസഭയിൽ എത്തുന്നതെങ്കിലും സ്‌പീക്കർ സ്ഥാനത്ത് മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. ഇതു പരിഗണിച്ച് തന്നെയാണ് രാജേഷിനെ മന്ത്രിസഭയിൽ എത്തിക്കുന്നതും.
എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയതിനെ തുടർന്ന് രാജിവയ്‌ക്കുന്ന ഒഴിവിലേക്കാണ് രാജേഷ് എത്തുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ്, എക്‌സൈസ് തുടങ്ങിയ വകുപ്പുകളാണ് രണ്ടാം പിണറായി സർക്കാരിൽ എം വി ഗോവിന്ദൻ കൈകാര്യം ചെയ്‌തിരുന്നത്. ഈ സുപ്രധാന വകുപ്പുകളും മറ്റേതെങ്കിലും സുപ്രധാന വകുപ്പും തന്നെയാകും രാജേഷിന് ലഭിക്കുക.
രാജേഷ് സ്‌പീക്കർ സ്ഥാനം ഒഴിയുമ്പോൾ സ്‌പീക്കറാകുക തലശ്ശേരി എംഎൽഎ എ എൻ ഷംസീറാണ്. മന്ത്രി സ്ഥാനത്തേക്ക് അടക്കം സജീവമായി ഷംസീറിനെ പരിഗണിച്ചിരുന്നെങ്കിലും രാജേഷിനായിരുന്നു പ്രഥമ പരിഗണന. കണ്ണൂരിൽ നിന്നുള്ള എം വി ഗോവിന്ദൻ മന്ത്രി സ്ഥാനം രാജിവച്ചതോടെ മന്ത്രിസഭയിലെ കണ്ണൂർ പ്രാതിനിധ്യം മുഖ്യമന്ത്രി മാത്രമായി ഒതുങ്ങിയിരുന്നു.
ഇതുകൂടി പരിഗണിച്ചതാണ് തലശ്ശേരി എംഎൽഎയായ ഷംസീറിനെ സ്‌പീക്കറാക്കിയത്. യുവജന പ്രസ്ഥാനങ്ങളിലൂടെ നേതൃസ്ഥാനത്ത് എത്തിയ ഷംസീർ രണ്ടാം തവണയാണ് തലശ്ശേരിയിൽ നിന്ന് എംഎൽഎയായി എത്തുന്നത്. കോടിയേരി ബാലകൃഷ്‌ണന്‍റെ പിന്തുണയും ഷംസീറിന് തുണയായിട്ടുണ്ട്.
ഭരണഘടന വിരുദ്ധ പ്രസംഗത്തിന്‍റെ പേരിൽ രാജിവച്ച സജി ചെറിയാന്‍റെ ഒഴിവ് തൽക്കാലം നികത്തേണ്ടെന്നാണ് സിപിഎം സെക്രട്ടേറിയറ്റിന്‍റെ തീരുമാനം. കേസിന്‍റെ ഗതി മനസിലാക്കിയ ശേഷം സജി ചെറിയാന് തന്നെ ഒരു അവസരം കൂടി നൽകാമെന്ന അഭിപ്രായത്തിലാണ് സിപിഎമ്മുള്ളത്.