തിരുവനന്തപുരം: കേന്ദ്ര ഏജൻസികളുടെ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി സി പി എം പ്രക്ഷോഭം ശക്തമാക്കുന്നു. സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനെയും പ്രതിസന്ധിയിൽ ആക്കുന്നതിനുള്ള നീക്കമാണ് അന്വേഷണ ഏജൻസികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇതിനെ രാഷ്ട്രീയമായി തന്നെ നേരിടണം. സ്വർണക്കടത്ത് കേസില്‍ എങ്ങനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണപരിധിയിൽ എത്തിക്കാനാണ് നീക്കം നടക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് സി എൻ രവീന്ദ്രനെ ചോദ്യംചെയ്യാൻ വിളിക്കുന്നത്. സ്വർണക്കടത്ത് കേസില്‍ അന്വേഷണം തുടങ്ങിയ ഏജൻസി ഇപ്പോൾ സംസ്ഥാന സർക്കാരിന്‍റെ നാല് പ്രമുഖ പദ്ധതികളെക്കുറിച്ചാണ് അന്വേഷിക്കുന്നത്. സർക്കാരിന്‍റെ ജനക്ഷേമ പദ്ധതികളെ തടയാനുള്ള നീക്കത്തിൻ്റെ ഭാഗമാണിതെന്നും സിപിഎം വിലയിരുത്തി.
അന്വേഷണ ഏജൻസികളുടേത് ഇരട്ടത്താപ്പാണ്. യുഡിഎഫ് നേതാക്കൾ പ്രതികളായ കേസുകളുടെ വിവരങ്ങൾ ഒന്നും പുറത്തു വിടുന്നില്ല. എന്നാൽ സർക്കാരിനെയും ഇടതുപക്ഷത്തെയും പ്രതിസന്ധിയിലാക്കാൻ മണിക്കൂറുകൾ ഇടവിട്ട് വിവരങ്ങൾ ചോർത്തി നൽകുകയാണ്. ഇതിനെ പ്രതിരോധിക്കാനും തുറന്നു കാട്ടാനും സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമായി. കാര്യങ്ങൾ ജനങ്ങളോട് വിശദീകരിക്കും. ഇതിനായി ഇടതു മുന്നണി നവംബർ 16ന് സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധം എങ്ങനെ വേണമെന്നത് നാളത്തെ സംസ്ഥാന സമിതി യോഗത്തിൽ തീരുമാനിക്കും.