തിരുവനന്തപുരം: ന്യൂനപക്ഷവിഭാഗങ്ങളെ കൂടെ നിർത്താൻ സംഘപരിവാർ നടത്തുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം പരിഹാസ്യമാണെന്ന് സിപിഎം. ശക്തമായ മതനിരപേക്ഷ കാഴ്‌ചപ്പാടുള്ള കേരള ജനത ഈ നാടകങ്ങളെ അവജ്ഞയോടെ തള്ളിക്കളയും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ നേതാക്കളെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരാൻ സംഘപരിവാർ ഉപയോഗിച്ച ഭീഷണിയും പ്രലോഭനവും ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളോടും ആരംഭിച്ചിരിക്കുകയാണ്. അരമനകൾ തോറുമുള്ള ബിജെപി നേതാക്കളുടെ യാത്രകൾ ഇതിന് അടിവരയിടുന്നതാണ്. ഈസ്റ്റർ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തിഡ്രലിൽ സന്ദർശനം നടത്തിയിരുന്നു.
'കേരള ജനത ബിജെപിയെ തിരിച്ചറിയും': ഇന്ന് വൈകിട്ട് അഞ്ചരയോടെ ഡൽഹിയിലെ പള്ളിയിലെത്തിയ മോദി പ്രാർഥനയില്‍ പങ്കെടുത്ത് 20 മിനിറ്റോളം അവിടെ ചെലവഴിച്ചു. പുരോഹിതന്മാരുമായും വിശ്വസികളുമായും സംവദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. കേരളത്തിലും ബിജെപി നേതാക്കൾ ബിഷപ്പ് ഹൗസുകൾ കയറിയിറങ്ങി ഈസ്റ്റർ ആശംസകൾ നേർന്നിരുന്നു. കഴിഞ്ഞ ക്രിസ്‌തുമസിന് വൻ ആക്രമണമാണ് കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കെതിരെ ഉണ്ടായത്.
ഛത്തീസ്‌ഗഡിലുണ്ടായ ആക്രമണ പരമ്പര അവസാനിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ക്രിസ്ത്യൻ മതസ്ഥാപനങ്ങളും പുരോഹിതന്മാരെയും സന്ദർശിക്കുന്ന പരിപാടിയുമായി പ്രധാനമന്ത്രി അടക്കമുള്ള ബിജെപി നേതാക്കൾ രംഗത്തിറങ്ങിയത്. ബിജെപിയുടെ നിലപാട് അറിയാവുന്ന പ്രബുദ്ധരായ കേരള ജനത ഇത് തിരിച്ചറിയുമെന്ന് സിപിഎം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ബിജെപിയുടേത് ഇരട്ടത്താപ്പ്, പരിഹാസ്യമായ നീക്കം: സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങി കേരളത്തിലെ ബിജെപി നേതാക്കള്‍ ഈസ്‌റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കുറ്റപ്പെടുത്തിയിരുന്നു. ക്രൈസ്‌തവരെ ഓടിച്ചിട്ട് അടിക്കണമെന്നും അവര്‍ വീടുകളിലേക്ക് വരുന്നത് മതപരിവര്‍ത്തനം നടത്താനാണെന്നുമാണ് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന കര്‍ണാടകയില്‍, ബിജെപി മന്ത്രി മുനിരത്‌ന ജനങ്ങളോട് ആഹ്വാനം ചെയ്‌തത്. രാജ്യവ്യാപകമായി ഇതേ നിലപാട് തന്നെയാണ് ബിജെപി ക്രൈസ്‌തവരോട് കാട്ടുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ക്രൈസ്‌തവ വിരുദ്ധ നിലപാടുകളും അവർക്കെതിരായ ക്രൂരതകളും മറച്ചുവയ്ക്കാനാണ് കേരളത്തിലെ ബിഷപ്പ് ഹൗസുകളിലെത്തിയുള്ള ബിജെപി നേതാക്കളുടെ ഈസ്‌റ്റര്‍ ആശംസ. ക്രിസ്‌തുമസ് ആരാധന പോലും തടസപ്പെടുത്തി നാല് വര്‍ഷത്തിനിടെ അറുനൂറോളം പള്ളികളാണ് ആക്രമിക്കപ്പെട്ടത്. സ്ത്രീകളും വൈദികരും ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ഇപ്പോഴും ആക്രമിക്കപ്പെടുകയും ജയിലുകളിലുമാണെന്നും വിഡി സതീശന്‍ പറഞ്ഞു. ലോകം ആരാധിക്കുന്ന മദർ തെരേസയ്‌ക്ക് നൽകിയ ഭാരതരത്‌നം പോലും പിൻവലിക്കണമെന്ന നിലപാടിൽ നിന്ന് ആർഎസ്എസ് ഇന്നും പിന്നാക്കം പോയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'വിശുദ്ധ ദിനം ബിജെപി കളങ്കപ്പെടുത്തി': പ്രധാനമന്ത്രി ഈസ്റ്റർ ദിനത്തിൽ ക്രൈസ്‌തവ ദേവാലയങ്ങൾ സന്ദർശിച്ചതും ബിജെപി നേതാക്കൾ ബിഷപ്പ് ഹൗസുകളിലും ക്രൈസ്‌തവരുടെ വീടുകളിലും സന്ദർശനം നടത്തിയതും പ്രഹസനമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും കുറ്റപ്പെടുത്തി. ഇത്തരം നാടകങ്ങള്‍ തെരഞ്ഞെടുപ്പ് സ്‌പെഷ്യലായി മാത്രമേ കാണാന്‍ സാധിക്കൂ. ഒരു വിശുദ്ധ ദിനത്തെ ബിജെപിക്കാര്‍ കളങ്കപ്പെടുത്തുകയാണ് ചെയ്‌തതെന്നും സുധാകരൻ കുറ്റപ്പെടുത്തി.