തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഭരണഘടന വിഭാവനം ചെയ്യുന്ന ഗവർണർ പ്രതിപക്ഷ നേതാവല്ലെന്ന് എം.വി ഗോവിന്ദന്‍ സിപിഎം മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ പറഞ്ഞു. വിയോജിപ്പുകൾ ആരോഗ്യകരമായ രീതിയിൽ മുഖ്യമന്ത്രിയെ അറിയിക്കുകയാണ് വേണ്ടതെന്നും അല്ലാതെ വാർത്താസമ്മേളനം നടത്തി പറയുകയല്ല വേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഭരണഘടനാപരമായ മാന്യതയുടെയും അന്തസിന്റെയും പ്രതീകമായിരിക്കണം ഗവർണർ. സർക്കാരും ഗവർണറും പല വിഷയത്തിലും ആശയവിനിമയം നടത്തുന്നത് സ്വാഭാവികമാണെന്നും അതിന് രഹസ്യസ്വഭാവമുണ്ടെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. ഭരണഘടനയുടെ 163-ാം വകുപ്പുപ്രകാരം കോടതിക്കുപോലും പരിശോധിക്കാൻ അവകാശമില്ലാത്ത ഔദ്യോഗിക കത്തിടപാടുകളാണ് ഗവർണർ പുറത്തുവിട്ടിട്ടുള്ളത് എന്നറിയിച്ച അദ്ദേഹം ഗവർണർ മന്ത്രിസഭയുടെ ഉപദേശാനുസരണമാണ് ഭരണം നിർവഹിക്കുന്നതെങ്കിലും മന്ത്രിസഭ ഗവർണർക്ക് എന്ത് ഉപദേശമാണ് നൽകിയതെന്ന് ഒരു കോടതിക്കും അന്വേഷിക്കാൻ അധികാരമില്ലെന്നും ലേഖനത്തില്‍ അറിയിച്ചു.
വസ്‌തുത ഇതായിരിക്കെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ‘വൻതെളിവുകൾ’ എന്നുപറഞ്ഞ് ഔദ്യോഗിക കത്തിടപാടുകൾ പുറത്തുവിട്ട നടപടി നഗ്നമായ ഭരണഘടനാലംഘനമാണെന്നും സത്യപ്രതിജ്ഞ ലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പതിവുധാരണകളെയെല്ലാം കാറ്റിൽപ്പറത്തിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാർത്താസമ്മേളനം വിളിച്ചതും ഒരു രാഷ്‌ട്രീയക്കാരനെപ്പോലെ സംസാരിച്ചതും. ഇതിലൂടെ തന്റെ രാഷ്‌ട്രീയ പക്ഷപാതിത്വം പരസ്യമായി വിളിച്ചുപറയാനും ഗവർണർ തയ്യാറായെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയല്ല മറിച്ച് മതാധിഷ്ഠിത രാഷ്‌ട്രം ലക്ഷ്യമാക്കുന്ന ആർഎസ്എസാണ് ഗവർണറുടെ വഴികാട്ടി എന്ന് അദ്ദേഹം വിമര്‍ശനം തുടര്‍ന്നു. വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കുക എന്ന ബിജെപി– ആർഎസ്എസ് അജൻഡയുടെ ഭാഗമായിത്തന്നെയാണ് വിസിമാരെ നിയമിക്കുന്നതിൽ ഗവർണർ വഴിവിട്ട് ഇടപെടുന്നതെന്ന് പകൽപോലെ വ്യക്തമാകുകയാണെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.