തിരുവനന്തപുരം: കോൺഗ്രസിനെ പറ്റിയുള്ള പാര്‍ട്ടി നിലപാട് ആവർത്തിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിജെപിക്കെതിരെ ദേശീയതലത്തിൽ ശക്തമായ കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ട്. അതിൽ നിന്ന് കോൺഗ്രസിനെ മാറ്റി നിർത്താനാവില്ല. രാഹുൽ ഗാന്ധിയല്ലാതെ കോൺഗ്രസിനെ നയിക്കാൻ മറ്റൊരു നേതാവിനെ കാണിച്ചു തരു എന്നും കാനം ആവശ്യപ്പെട്ടു.
Also Read: 'ഇടതുപക്ഷത്തിന് ദേശീയ ബദൽ അസാധ്യം' ; ബിനോയ് വിശ്വത്തെ പിന്തുണച്ച് ജനയുഗം മുഖപ്രസംഗം
ബി.ജെ.പിക്കെതിരെ കോൺഗ്രസ് ദുർബലമായാൽ ആ വിടവ് നികത്താനുള്ള കെൽപ്പ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കില്ലെന്ന് കഴിഞ്ഞ ദിവസം സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം പറഞ്ഞിരുന്നു. ഇതിനെ കാനം രാജേന്ദ്രൻ ന്യായീകരിക്കുകയും ഇത് സി.പി.ഐയുടെ സുചിന്തിതമായ നിലപാടാണെന്ന് പാർട്ടി മുഖപത്രം ജനയുഗം മുഖപ്രസംഗമെഴുതുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് കാനം നിലപാട് ആവർത്തിച്ചത്. കോൺഗ്രസുമായി തെരഞ്ഞെടുപ്പു സഖ്യമില്ല. ബി.ജെ.പിക്കെതിരെ മതേതര ജനാധിപത്യ ശക്തികളെ ഒരുമിപ്പിക്കുകയാണ് ഇടതുനയം. വർഗീയതയ്ക്കെതിരായ നിലപാടുകളിലടക്കം കോൺഗ്രസിനെ പറ്റി വിമർശനങ്ങളുണ്ട്. അത്തരം വിമർശനങ്ങൾ സി.പി.എമ്മിനും സി.പി.ഐക്കും ഒരുപോലെയാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.