തിരുവനന്തപുരം: സിപിഎമ്മിനും എൽഡിഎഫിനുമെതിരെയുള്ള ആസൂത്രിത ആക്രമണത്തിന്‍റെ ഭാഗമാണ് എകെജി സെന്‍ററിന് നേരെ നടന്ന ബോംബേറെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വലിയ ഗൂഢാലോചന സംഭവത്തിന് പിന്നിലുണ്ട്. നാട്ടിൽ അരാജകത്വം സൃഷ്ടിക്കുകയാണ് ആക്രമികളുടെ ലക്ഷ്യം. പാർട്ടി ഓഫീസിന് നേരെയുള്ള ആക്രമണം ഗൗരവതരമാണെന്നും കാനം പറഞ്ഞു.
തുടര്‍ഭരണത്തിന് ശേഷം കേരളത്തെ കലാപഭൂമിയാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ആക്രമണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ്, ബിജെപി നേതൃത്വവും മറ്റ് ഇടതു വിരുദ്ധരും തുടര്‍ഭരണത്തെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്‌ച (30.06.22) രാത്രി 11.35 നാണ് എ.കെ.ജി സെന്‍ററിന്‍റെ താഴത്തെ ഗേറ്റിലൂടെയാണ് ബോംബെറിഞ്ഞത്. സംഭവത്തില്‍ വലിയ സ്ഫോടന ശബ്‌ദവും പുകയും ഉണ്ടായി. പ്രധാന ഗേറ്റിന് സമീപമുണ്ടായിരുന്ന പൊലീസും ഓഫിസിലുണ്ടായിരുന്ന ജീവനക്കാരും ഓടി എത്തിയപ്പോഴേക്കും അക്രമി രക്ഷപ്പെട്ടു.
എ.കെ.ജി സെന്‍ററിന്‍റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്‌കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരും സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നിർദേശം നൽകി. സംയമനം പാലിക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും അഭ്യര്‍ഥിച്ചു. തലസ്ഥാനത്ത് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.