തിരുവനന്തപുരം: സമസ്‌ത വേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ ശക്തമായ വിമർശനവുമായി സിപിഐ. സിപിഐ മുഖപത്രമായ ജനയുഗത്തിൻ്റെ മുഖപ്രസംഗത്തിലാണ് വിമര്‍ശനം. യാഥാസ്ഥിക പിന്തിരിപ്പൻ മനോഭാവം ഉള്ള പണ്ഡിതരും പുരോഹിതരും എത്രയെല്ലാം അടിച്ചമർത്താൻ ശ്രമിച്ചിട്ടും മുഖ്യധാരയിൽ നിരവധി മുസ്ലീം സ്ത്രീകളുണ്ടെന്നും എന്നിട്ടും ഇപ്പോഴും ഇത്തരം യാഥാസ്ഥിതിക നിലപാടുകളും ആക്രോശങ്ങളും ആവർത്തിക്കുന്നത് അപമാനകരമാണെന്നും സിപിഐ ചൂണ്ടിക്കാട്ടി.
എല്ലാ മതങ്ങളിലും യാഥാസ്ഥിക പിന്തിരിപ്പൻ നിലപാടുകളിൽ സമാന മനസ്‌കതയുള്ള ഒരു വിഭാഗമുണ്ടെന്നത് വസ്‌തുതയാണ്. ആധുനിക നവോത്ഥാന കേരളത്തിൽ ഒരുതരത്തിലും വച്ചുപൊറുപ്പിക്കാൻ പാടില്ലാത്ത ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അതേ സമുദായത്തിനുള്ളിൽ നിന്നു തന്നെ പ്രതിരോധം ഉയരണമെന്നും ജനയുഗത്തിലെ ലേഖനത്തില്‍ പറഞ്ഞു.
സമൂഹത്തിൻ്റെ പൊതുചിന്ത ഇത്തരം പ്രാകൃത യാഥാസ്ഥിതിക നിലപാടുകൾക്കെതിരാണെന്ന് വ്യക്തമാക്കുന്ന പ്രതികരണങ്ങളാണ് എല്ലാ കോണുകളിൽ നിന്നും ഉണ്ടായത്. അതേസമയം ഈ വിഷയത്തെ സാമുദായിക മത്സരിക്കാനും രാഷ്ട്രീയവൽക്കരിക്കാനുമുള്ള ശ്രമങ്ങൾ ആശാസ്യമല്ല. ഈ വിഷയത്തെ ഒരു മതത്തിനെതിരെ തിരിച്ചുവിടാനുള്ള ചില വർഗീയ സംഘടനകളുടെ ശ്രമങ്ങളെ തിരിച്ചറിയണമെന്നും സിപിഐ മുഖപ്രസംഗത്തില്‍ പറഞ്ഞു.