തിരുവനന്തപുരം: സംസ്ഥാനത്തെ അതിതീവ്ര വ്യാപനത്തിന് കാരണം ഒമിക്രോണ്‍ വൈറസാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വൈറസിൻ്റെ അതിതീവ്ര വ്യാപന ശേഷി സംസ്ഥാനത്ത് ആശങ്കയുണ്ടാക്കുന്നുണ്ട്. സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു.
രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യത
ഫെബ്രുവരി 15ന് മുമ്പ് തന്നെ കൊവിഡിന്‍റെ വലിയ വ്യാപനമുണ്ടാകാനാണ് സാധ്യത. രണ്ടാം തരംഗത്തേക്കാൾ അഞ്ച് ശതമാനം വരെ രോഗ വ്യപാന തോത് വർധിക്കാം. ജനങ്ങൾ സാഹചര്യത്തെ ലാഘവത്തോടെ കാണുന്നത് വ്യാപനത്തിന് കാരണമാകുമെന്നും മന്ത്രി പറഞ്ഞു.
മൂന്നാം തരംഗത്തിൽ തുടക്കം തന്നെ അതിതീവ്ര വ്യാപനമാണ് ഉണ്ടായിരിക്കുന്നത്. നിയന്ത്രണത്തിന് എല്ലാവരുടേയും സഹകരണം ആവശ്യമാണ്. ഡെൽറ്റയും ഒമിക്രോണും സംസ്ഥാനത്ത് പടരുന്നുണ്ട്.
മുന്നറിയിപ്പുകളെ അവഗണിച്ചാൽ സ്ഥിതി വഷളാകും. വ്യാപനം തടയുക സമൂഹത്തോടുള്ള ഉത്തരവാദിത്വമായി കാണണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
"രോഗബാധിതർ കൂടിയാൽ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർധിക്കും"
45 ശതമാനത്തോളം ബെഡുകളിലും ഐസിയുവിലും ഇപ്പോൾ തന്നെ രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. 1,508 ആരോഗ്യ പ്രവർത്തകർ ജനുവരിയിൽ മാത്രം പോസിറ്റീവായി. ചില ആശുപത്രികളിൽ വ്യാപകമായി ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അനാവശ്യമായ ആശുപത്രി സന്ദർശനം ഒഴിവാക്കണം.
ഇ- സഞ്ജീവനി സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണം. രോഗിയുമായി എത്തുമ്പോൾ ഒരാൾ മാത്രം ആശുപത്രിയിൽ പ്രവേശിക്കണം.
"സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ല"
അതേസമയം സംസ്ഥാനത്ത് മരുന്ന് ക്ഷാമം എന്നത് തെറ്റായ ആരോപണമാണ്. കൊവിഡ്, നോൺ- കൊവിഡ് ചികിത്സയ്‌ക്ക് മരുന്നുകള്‍ ആവശ്യമുള്ളതിലും അധികം സ്റ്റോക്കുണ്ട്. ആരോഗ്യ പ്രവർത്തകർ ബൂസ്റ്റർ ഡോസ് എടുക്കണമെന്നും മന്ത്രി വ്യക്തമാക്കി.
Also Read: സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും
വാക്‌സിനേഷൻ നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. നിയന്ത്രണം എർപ്പെടുത്തിയാൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പ്രതിപക്ഷം വിമർശിക്കുമെന്നും മന്ത്രി പറഞ്ഞു.
കാര്യങ്ങൾ പരിശോധിച്ച് കൂടുതൽ നിയന്ത്രണം ആലോചിക്കും. ആരോഗ്യ വകുപ്പ് കാര്യങ്ങൾ കൃത്യമായി ഏകോപിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.