തിരുവനന്തപുരം : തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് മന്ത്രി ആന്റണി രാജു. തിരുവനന്തപുരത്തെ സാഹചര്യം കണക്കിലെടുത്ത് കലക്ടറുമായി ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച് വിശദമായ നിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
പരിശോധിക്കുന്ന രണ്ടില്‍ ഒരാള്‍ക്ക് കൊവിഡ് എന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ടി.പി.ആര്‍ 44 ശതമാനത്തില്‍ നിന്നും 48 ആയി. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ തന്നെ നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും ജനങ്ങള്‍ കാര്യങ്ങള്‍ ഗൗരവത്തോടെ കണ്ടില്ലെന്നും മന്ത്രി പറഞ്ഞു.
Also Read: സെക്രട്ടേറിയറ്റിലെ ഗുരുതര സാഹചര്യം; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത
രോഗനിരക്ക് കുറഞ്ഞപ്പോള്‍ കൊവിഡ് ബ്രിഗേഡ് പിരിച്ചുവിട്ടിരുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനത്തിലേക്ക് തിരിയുമെന്നും മന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ഗതാഗത നിയന്ത്രണങ്ങള്‍ വന്നേക്കും . ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് നാളെ യോഗം ചേരും. കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തുന്നുവെന്നത് വ്യാജ പ്രചരണമെന്നും മന്ത്രി വ്യക്തമാക്കി.