തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ തലസ്ഥാനത്ത് പരമാവധി പരിശോധന നടത്താൻ ആരോഗ്യ വകുപ്പിന്‍റെ ശ്രമം. 45 ടീമുകളെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് പരിശോധനയ്ക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓരോ ടീമിനും 50 മുതൽ 100 വരെ പരിശോധന നടത്താനുള്ള കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിലെ ലാബുകളിലും പബ്ലിക് ലാബുകളിലും പിസിആർ പരിശോധന നടത്തും.
45 പേർ അടങ്ങുന്ന പരിശോധന സംഘത്തിൽ 12 ടീമുകൾ കണ്ടെയ്ൻമെന്‍റ് സോണുകളിലാണ് പരിശോധന നടത്തുക. തീരദേശ മേഖലയേയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരെ പരിശോധിക്കാനാണ് 23 സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്. 10 ടീമുകളെ സെന്‍റിനൽ പരിശോധനയ്ക്കും നിയോഗിച്ചു. താലൂക്ക് അടിസ്ഥാനത്തിലാണ് സംഘങ്ങളെ നിയോഗിച്ചിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ താലൂക്കുകളിലേക്ക് കൂടുതൽ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ കെ.എസ്.ഷീനു അറിയിച്ചു. 4581 പേരാണ് ഇപ്പോൾ ജില്ലയിൽ ചികിത്സയിലുള്ളത്. കൂടുതൽ പേർക്ക് രോഗം പിടിപെടാനുള്ള സാധ്യത തലസ്ഥാനത്ത് നിലനിൽക്കുന്നതായാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ.