തിരുവനന്തപുരം: ഡോക്‌ടർമാർക്കെതിരായ സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തമാക്കി മെഡിക്കൽ കോളജിലെ ഡോക്‌ടർമാർ. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലെയും കൊവിഡ് ഇതര ഒ.പി രണ്ടു മണിക്കൂർ ഡോക്ടർമാർ ബഹിഷ്‌കരിച്ചു. അതേ സമയം തിരുവനന്തപുരം മെഡിക്കൽ കോളജിൽ അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ നടത്തുന്ന നിരാഹാര സമരം തുടരുകയാണ്.
മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ച സംഭവത്തിൽ വീഴ്‌ച വരുത്തിയ കൊവിഡ് നോഡൽ ഓഫീസർ അരുണയേയും രണ്ടു നഴ്‌സുമാരെയും സസ്പെൻഡ് ചെയ്‌തതിൽ പ്രതിഷേധിച്ചാണ് ഡോക്‌ടർമാരുടെ സമരം. നടപടിയിൽ നിന്ന് സർക്കാർ പിൻമാറാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കിയത്. നടപടി പിൻവലിച്ചില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് ഒ.പി ബഹിഷ്‌കരിക്കാനാണ് കെജിഎംസിടിഎയുടെ തീരുമാനം. അതേ സമയം രോഗിയെ പുഴുവരിച്ച സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ഡോക്‌ടർമാരുടെ സമ്മർദത്തിന് വഴങ്ങേണ്ട എന്ന നിലപാടിലാണ് സർക്കാർ. നഴ്‌സുമാർക്ക് എതിരായ നടപടിയിൽ പ്രതിഷേധവുമായി മെഡിക്കൽ കോളജിലെ നഴ്‌സുമാരുടെ സംഘടനയും സമരത്തിലാണ്.