തിരുവനന്തപുരം: പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ പരിശോധന സൗകര്യം ഒരുക്കണം. വിദേശത്തു നിന്ന് കേരളത്തിലേക്ക് ചാർട്ടർ വിമാനത്തിൽ എത്തുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാനത്തിന്‍റെ നിലപാടിൽ മാറ്റം വരുത്തേണ്ട സാഹചര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗികളെയും രോഗം ഇല്ലാത്തവരെയും ഒരുമിച്ചു കൊണ്ടു വന്ന് രോഗവ്യാപന സാധ്യത ഉണ്ടാക്കരുത്. ഇക്കാര്യം വന്ദേഭാരത് ദൗത്യം ആരംഭിച്ചപ്പോൾ തന്നെ കേന്ദ്രത്തെ അറിയിച്ചതാണ്. സ്പൈസ് ജെറ്റ് അടക്കമുള്ള സ്വകാര്യ വിമാന കമ്പനികൾ ഇത്തരത്തിൽ പരിശോധന നടത്തിയാണ് സർവീസ് നടത്തിയത്. പരിശോധനാ സംവിധാനമില്ലാത്ത രാജ്യങ്ങളിൽ സൗകര്യമൊരുക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണം. രോഗബാധിതരായി യാത്ര ചെയ്യാൻ കഴിയുന്നവരെ പ്രത്യേകം കൊണ്ടുവരാൻ കേന്ദ്രം നടപടി സ്വീകരിക്കണം. ഇവർക്ക് ചികിത്സ നൽകാൻ സംസ്ഥാനം തയാറാണ്. ജനങ്ങൾക്കിടയിൽ ഭീതി ജനിപ്പിക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.