തിരുവനന്തപുരം: ജില്ലയില്‍ കൊവിഡ് ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്ത് 10 ആരോഗ്യ പ്രവർത്തകർ ഉള്‍പ്പെടെ 213 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതിൽ 198 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 446 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്.
രോഗ വ്യാപനം രൂക്ഷമായിരുന്ന പുല്ലുവിള പൂന്തുറ മേഖലകളിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു. പത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് പൂന്തുറയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. പുല്ലുവിളയിൽ ഇന്ന് പുതിയ കേസുകൾ ഇല്ല. തീരമേഖലയിൽ പോസീറ്റിവ് ആകുന്നവരുടെ എണ്ണം കുറയുന്നുവെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തൽ.
അതേ സമയം മേനംകുളം കിൻഫ്ര പാർക്കിൽ ഇന്നലെയും ഇന്നുമായി 102 പേർക്ക് രോഗബാധ ഉണ്ടയത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. ജില്ലയുടെ മറ്റു ഭാഗങ്ങളിലും രോഗവ്യാപനം ശക്തമാകുന്നതിൻ്റെ സൂചനകളാണ് പുറത്ത് വരുന്നത്. നഗരത്തിലെ കരിമഠം കോളനിയിൽ ഇന്ന് നാലു പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. നെടുമങ്ങാട്, കാട്ടക്കട മേഖലകളിലും സമ്പർക്കത്തിലൂടെയുള്ള രോഗബാധിതർ ഉണ്ട്.