തിരുവനന്തപുരം: ഫോണിലൂടെയുള്ള ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള കൊവിഡ് ബോധവല്‍ക്കരണ സന്ദേശം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് പരിശോധന നടത്തണമെന്ന് ചീഫ് സെക്രട്ടറിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ നിര്‍ദേശം. പൊലീസിന്‍റെയും ആരോഗ്യപ്രവര്‍ത്തകരുടേയും സേവനം തേടി അടിയന്തര ഘട്ടങ്ങളില്‍ വിളിക്കുന്നവരുടെ സമയം പാഴാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള ബ്ലൈന്‍ഡ് അസോസിയേഷന്‍ നല്‍കിയ പരാതിയിലാണ് നടപടി.
മൂന്നാഴ്‌ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഏഴ് മാസമായി രാജ്യത്തെങ്ങും മതിയായ പ്രചാരണം നടക്കുന്നതിനാല്‍ കൊവിഡ് 19 ന്‍റെ പ്രത്യാഘാതങ്ങള്‍ എല്ലാവര്‍ക്കുമറിയാമെന്നും അതിനാല്‍ ഒരു മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ശബ്‌ദ സന്ദേശത്തിന്‍റെ ആവശ്യമില്ലെന്നും പരാതിയില്‍ പറയുന്നു. വിഷം ഗൗരവതരമാണെന്നാണ് മനുഷ്യാവകാശ കമ്മിഷന്‍റെ നിരീക്ഷണം.