തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂരിൽ നിന്നും വന്ന ഡ്രൈവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പനിയെ തുടർന്ന് ഞായറാഴ്ച ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നിന് ഡ്യൂട്ടിയിലെത്തിയ ഇയാൾ 14 ന് ജോലിയ്‌ക്കെത്തിയിരുന്നു. തൃശൂരിൽ നിന്നും ബൈക്കിലാണ് ഇയാൾ തിരുവനന്തപുരത്ത് എത്തിയത്. തമ്പാനൂർ റയിൽവേ സ്‌റ്റേഷനിൽ നിന്ന് യാത്രക്കാരെ നിരീക്ഷണ കേന്ദ്രത്തിലേയ്ക്കും തമിഴ്നാട് അതിർത്തിയിലും എത്തിച്ച ബസിൽ ഡ്രൈവറായിരുന്നു.
രോഗം സ്ഥിരീകരിച്ചതോടെ ഇയാളുമായി ഇടപഴകിയ അഞ്ച് പേരെ നിരീക്ഷണത്തിലാക്കി. കൊവിഡ് സ്ഥിരീകരിച്ച ഡ്രൈവർ ഉൾപ്പെടെ ചില ജീവനക്കാർ ഡിപ്പോയിൽ തന്നെയാണ് താമസിക്കുന്നത്. അതിനാൽ മറ്റുള്ള ജീവനക്കാരും ആശങ്കയിലാണ്. സുരക്ഷ മുൻകരുതലുകൾ എടുത്തിട്ടുള്ളതായും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചയുടനെ തന്നെ ഫയർഫോഴ്‌സിന്‍റെ സഹായത്തോടെ ഡിപ്പോ അണുവിമുക്തമാക്കിയതായും യൂണിറ്റ് ഓഫീസർ സൈജു വ്യക്തമാക്കി.