തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. പ്രതിദിന രോഗികളുടെ എണ്ണം 600 കടന്നു. ഇന്നലെ 686 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവായത്.
രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്‌ത ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികളുടെ എണ്ണം കേരളത്തിലാണ്. ഏറ്റവും കൂടുതല്‍ ആക്‌ടീവ് രോഗികളുള്ളതും കേരളത്തിലാണ്. 3389 പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
മറ്റൊരു സംസ്ഥാനത്തും മൂവായിരത്തിന് മുകളില്‍ പോസിറ്റീവ് കേസുകള്‍ നിലവിലില്ല. കേരളത്തിലെ നിലവിലെ സ്ഥിതി ആശങ്കയുയര്‍ത്തുന്നതാണ്. സംസ്ഥാനത്ത് ഇതുവരെ 68,35,264 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. 71,617 മരണങ്ങളും കൊവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
കണക്കുകള്‍ പുറത്തു വിടാതെ കേരളം: സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ ഔദ്യോഗികമായി ആരോഗ്യ വകുപ്പ് പുറത്തു വിടുന്നില്ല. ജില്ലകളില്‍ നിന്നുള്ള കണക്കുകള്‍ സംസ്ഥാനത്തില്‍ നല്‍കണമെന്ന നിര്‍ദ്ദേശമാണ് ഡിഎംഒമാര്‍ക്ക് നല്‍കിയിട്ടുള്ളത്. സംസ്ഥാനങ്ങള്‍ കണക്കുകള്‍ പുറത്തു വിടേണ്ടതില്ലെന്നും കേന്ദ്രസര്‍ക്കാറിന് നല്‍കണമെന്നുമാണ് നിര്‍ദ്ദേശമെന്നാണ് ഇതിന് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം.
നേരത്തെ കൊവിഡ് വ്യപനം രൂക്ഷമായ സമയത്ത് കൊവിഡ് ഡാഷ് ബോര്‍ഡ് അടക്കം കേരളത്തില്‍ സജ്ജീകരിച്ചിരുന്നു. ഇതില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം, കൊവിഡ് മരണങ്ങള്‍ എന്നിവ ജില്ല തിരിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍, 2022 സെപ്‌റ്റംബര്‍ ഒന്‍പതിന് ശേഷം ഡാഷ് ബോര്‍ഡില്‍ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ചിരുന്നു. രോഗികളുടെ എണ്ണം കുറഞ്ഞതിനാലാണ് അന്ന് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ചത്.
പനിബാധിതരുടെ എണ്ണത്തിലും വലിയ വര്‍ധന: സംസ്ഥാനത്ത് പകര്‍ച്ച പനി ബാധിച്ചവരുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പതിനായിരത്തോളം പേര്‍ ദിവസവും പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നതായാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. ഇന്നലെ സംസ്ഥാനത്ത് 8555 പേര്‍ ഒപിയിലും 112 ഐപിയിലും പനിക്ക് ചികിത്സ തേടിയിട്ടുണ്ട്.
ഡെങ്കി, എലിപ്പനി എന്നിവയും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് ദിവസത്തെ കണക്കെടുത്താല്‍ 37,727 പേര്‍ ഒപികളില്‍ പനിക്കായി ചികിത്സ തേടിയിട്ടുണ്ട്.
പരിശോധനകള്‍ കുറവെന്ന് പരാതി: സംസ്ഥാനത്ത് കൊവിഡ് കേസുകളും പകര്‍ച്ചപ്പനി കേസുകളും കൂടുമ്പോഴും പരിശോധനകള്‍ കുറവാണെന്ന് പരാതിയുയരുന്നുണ്ട്. കൊവിഡ് പരിശോധനയാണ് വേണ്ട വിധത്തില്‍ നടക്കാത്തത്. പകര്‍ച്ച പനി വ്യാപകമായതിനാല്‍ അതിനുള്ള ചികിത്സകളാണ് നല്‍കുന്നത്. ഇത് കൊവിഡ് വ്യപനം രൂക്ഷമാക്കുമെന്നാണ് വിമര്‍ശനമുയരുന്നത്.
അതേസമയം, രാജ്യത്ത് 1000ത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 149 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. സജീവ കേസുകള്‍ 9,433 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ആയിരത്തിന് മുകളിലാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.