തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാലക്ക് എത്തുന്നവർക്ക് നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. കൊവിഡ് 19 രോഗലക്ഷണങ്ങളായ പനി, ചുമ, ശ്വാസതടസം തുടങ്ങിയവയുള്ളവർ പൊങ്കാലയിടാൻ വരരുതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിര്‍ദേശിച്ചു. ചൈന, ഇറാൻ, ഇറ്റലി തുടങ്ങിയ രോഗ ബാധിത പ്രദേശങ്ങളിൽ നിന്ന് പൊങ്കാലയിടാൻ നാട്ടിലെത്തിയവർ ആൾക്കൂട്ടത്തിൽ വരാതെ വീടുകളിൽ തന്നെ പൊങ്കാല ഇടണം. പൊങ്കാല ഇടുന്ന മുഴുവൻ പേരുടെയും ദൃശ്യങ്ങൾ പകർത്തും. ഏതെങ്കിലും തരത്തിൽ ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ അവർ സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിനാണ് ഇത്.
ആരോഗ്യ പരിശോധനകൾക്കായി ഡോക്‌ടർമാർ അടക്കമുള്ള 23 ടീമുകളെ നിയോഗിച്ചതായി തിരുവനന്തപുരം ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്‌ണൻ അറിയിച്ചു. ആറ് ആംബുലൻസുകളും അഞ്ച് ബൈക്ക് ആംബുലൻസുകളും രംഗത്ത് ഉണ്ടാകും. രോഗബാധിത മേഖലകളിൽ നിന്ന് എത്തിയ വിദേശികൾക്ക് അവർ താമസിക്കുന്ന ഹോട്ടലുകളിൽ തന്നെ പൊങ്കാല ഇടാൻ വേണ്ട സാഹചര്യം ഒരുക്കുമെന്നും ജില്ലാ കലക്‌ടർ അറിയിച്ചു.