തിരുവനന്തപുരം : വാഹനാപകടത്തിൽ പരിക്കേറ്റ് ശരീരം തളർന്നുപോയ യുവതിക്ക് ഒരു കോടി രൂപ നഷ്‌ടപരിഹാരം. തിരുവനന്തപുരം വഞ്ചിയൂരിൽ വാടകയ്‌ക്ക് താമസിക്കുന്ന സിന്ധുവിന് (41) അപകടം സംഭവിച്ച കേസിലാണ് കോടതിവിധി.
ഉത്തരവ് പ്രകാരം 72,46,558 രൂപയും 23,18,880 പലിശയും കോടതി ചെലവായ 7,00,000 ചേർത്താണ് 1,02,65,438 രൂപ നഷ്‌ടപരിഹാരമായി കോടതി അനുവദിച്ചത്. തിരുവനന്തപുരം നഷ്‌ടപരിഹാരക്കോടതി ജഡ്‌ജി ശേഷാദ്രി നാഥന്‍റേതാണ് ഉത്തരവ്.
2017 ഏപ്രിൽ 26 ഉച്ചയ്ക്ക് 12.30നാണ് സംഭവം. സിന്ധു ഓട്ടോറിക്ഷയിൽ മണക്കാട് നിന്നും അമ്പലത്തറ ഭാഗത്തേക്ക് പോകുന്ന സമയത്ത് കല്ലാറ്റുമുക്ക് ജംഗ്ഷനില്‍ എത്തിയപ്പോൾ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഓട്ടോറിക്ഷയുടെ അമിതവേഗതയാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നു.
ALSO READ:എട്ട് വയസുകാരിയെ അപമാനിച്ച സംഭവം; അമ്മ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസത്തിൽ
അപകടത്തെ തുടർന്ന് സിന്ധുവിന് തലയ്ക്കും ശരീരത്തിനും ഗുരുതര പരിക്കേല്‍ക്കുകയും മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷവും ശരീരം തളർന്ന നിലയില്‍ തന്നെയുമാണ്. ഭർത്താവുമായി വേറിട്ട് താമസിക്കുന്ന സിന്ധുവിന് ഒരു മകനും മകളുമാണ് ഉള്ളത്. കേസിൽ സിന്ധുവിന് വേണ്ടി അഡ്വ. ഹെൻട്രി തോമസ്, സർജിൻ തോമസ്, ആശാ സർജിൻ എന്നിവർ ഹാജരായി.