തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്‍റെ പേരില്‍ അറസ്റ്റിലായ പി.സി ജോര്‍ജിന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. 14 ദിവസത്തേക്ക് ജോര്‍ജിനെ റിമാൻഡ് ചെയ്യണമെന്നായിരുന്നു പൊലീസിന്‍റെ റിമാൻഡ് റിപ്പോര്‍ട്ട്. മുന്‍ എം.എല്‍.എ. ആയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
സമുദായങ്ങള്‍ക്കിടയില്‍ മതസ്‌പര്‍ധയുണ്ടാക്കാന്‍ പി.സി ജോര്‍ജ് പ്രവര്‍ത്തിച്ചു. ജാമ്യത്തില്‍ വിട്ടയച്ചാല്‍ അന്വേഷണം തടസപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ചുമത്തിയിട്ടുള്ള കേസുകളില്‍ തെളിവ് ശേഖരണമോ റിക്കവറിയോ ഇല്ല.
പ്രായം കൂടുതല്‍ ഉള്ള ആളാണെന്ന് കൂടി ചൂണ്ടിക്കാട്ടിയാണ് പി.സി ജോര്‍ജിന്‍റെ അഭിഭാഷകനായ ശാസ്‌തമംഗലം അജിത്ത് കുമാര്‍ വാദിച്ചത്. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആശ തോമസാണ് ജോര്‍ജിന് ജാമ്യം അനുവദിച്ചത്.
അനന്തപുരി ഹിന്ദുസമ്മേളനത്തില്‍ നടത്തിയ വിവാദ പ്രസംഗത്തിന്‍റെ പേരില്‍ ഇന്നലെയാണ് (ഏപ്രിൽ 30) ഫോര്‍ട്ട് പൊലീസ് ജോര്‍ജിനെതിരെ കേസെടുത്തത്. ഇന്ന് (മെയ് 1) പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വസതിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത ജോർജിനെ തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാമ്പില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിശ്രമവും, ഭക്ഷണവും അനുവദിച്ച ശേഷമാണ് പൊലീസ് നടപടി ക്രമങ്ങളിലേക്ക് കടന്നത്.
മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധന നടത്തി. അനുകൂലിച്ചും എതിര്‍ത്തും പ്രതിഷേധം നടക്കുന്നതിനാല്‍ ആശുപത്രിയില്‍ എത്തിക്കാതെ ഡോക്‌ടറെ ക്യാമ്പില്‍ എത്തിച്ചാണ് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയത്. ഇതിനു ശേഷമാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ നേരില്‍ ഹാജരാക്കാന്‍ വസതിയിലേക്കെത്തിച്ചത്.
READ MORE: പി.സി.ജോർജിനെ 14 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്