തിരുവനന്തപുരം : എന്‍എസ്എസിനെതിരായ നാമജപ കേസ് അവസാനിപ്പിച്ചു. എന്‍എസ്എസ് തലസ്ഥാനത്ത് നടത്തിയ നാമജപ ഘോഷയാത്രയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കന്‍റോണ്‍മെന്‍റ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നൽകി (Court Closed The Case Against NSS Nama japa Yatra). അതേസമയം എന്‍എസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാര്‍ (NSS Vice president Sangeeth Kumar) ഉള്‍പ്പെടെ 1000 പേര്‍ക്കെതിരെയായിരുന്നു കന്‍റോണ്‍മെന്‍റ് പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. പൊലീസിന്‍റെ അനുവാദമില്ലാതെ റാലി നടത്തി, ക്രമസമാധാന പ്രശ്‌നമുണ്ടാക്കി എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു എന്‍എസ്എസ് നടത്തിയ റാലിക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.
അതേസമയം ഗണപതി മിത്ത് ആണെന്ന സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ (Speaker AN Shamseer Ganapathy controversy) നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായി എന്‍എസ്എസ് റാലി നടത്തിയത്. പാളയം ഗണപതി ക്ഷേത്രം മുതല്‍ കിഴക്കേകോട്ട പഴവങ്ങാടി ഗണപതി ക്ഷേത്രം വരെ നടത്തിയ റാലിക്കെതിരെയുള്ള കേസില്‍ കന്‍റോണ്‍മെന്‍റ് പൊലിസ് പിന്നീട് നിയമോപദേശം തേടിയിരുന്നു.
കേസ് ഒഴിവാക്കണമെന്ന് നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് ക്രമസമാധാന പ്രശ്‌നം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കന്‍റോണ്‍മെന്‍റ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നൽകിയത്. പിന്നാലെ പൊലീസ് നൽകിയ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു.
എൻഎസ്എസ് നടത്തിയ നാമജപഘോഷയാത്ര: അതേസമയം എൻഎസ്എസ് നടത്തിയ നാമജപ ഘോഷയാത്രയ്‌ക്കെതിരെ പൊലീസ് സ്വീകരിച്ച കേസ് പിൻവലിക്കാൻ നിയമോപദേശം (Withdraw The Case Against Namajapa ghosa Yatra) നൽകിയിരുന്നു. തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസിന് പബ്ലിക് പ്രോസിക്യൂട്ടറാണ് കേസ് പിൻവലിക്കാൻ നിയമോപദേശം നൽകിയിരുന്നത്.
നാമജപ ഘോഷയാത്രയ്‌ക്ക് എതിരെയെടുത്ത കേസിന്‍റെ നടപടികൾ ഹൈക്കോടതി നേരത്തെ തന്നെ സ്‌റ്റേ ചെയ്‌തിരുന്നു. കേസിന്‍റെ പുനർനടപടികൾ ഓഗസ്‌റ്റ് 16 നായിരുന്നു ഹൈക്കോടതി (Kerala High Court) നാലാഴ്‌ചത്തേക്ക് സ്‌റ്റേ ചെയ്‌തിരുന്നത്.
എന്നാൽ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നായിരുന്നു നടപടി. കേസിൽ അന്തിമ തീരുമാനം നിയമോപദേശം തേടിയതിനുശേഷം സ്വീകരിക്കാനായിരുന്നു സർക്കാർ നിലപാട്. ഇക്കഴിഞ്ഞ ഓഗസ്‌റ്റ് രണ്ടിനായിരുന്നു മിത്ത് വിവാദത്തിൽ എ എൻ ഷംസീറിനെതിരെ പ്രതിഷേധം ഉയർത്തിയത്.