തിരുവനന്തപുരം: നേരത്തെ വ്യാപകമായിരുന്ന അഴിമതിയെന്ന വിപത്ത് വലിയ തോതിൽ ഒഴിവാക്കാനായി എന്നത് സംസ്ഥാനത്തിന്‍റെ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേതൃതലത്തിൽ പൂർണമായി അഴിമതി ഒഴിവാക്കാനായെന്നും വിവിധ തലങ്ങളിൽ ചില ഘട്ടങ്ങളിൽ ഉണ്ടാകുന്ന അഴിമതിക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നടപടിയാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന വിജിലൻസ് ആന്‍റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന അഴിമതി രഹിത കേരളം പദ്ധതിക്ക് തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമനം, സ്ഥലംമാറ്റം എന്നിവയ്‌ക്കൊക്കെ വലിയ തോതിൽ അഴിമതി വ്യാപകമായിരുന്നു. എന്നാൽ, അത്തരം കാര്യങ്ങൾ അവസാനിപ്പിക്കാനായി എന്നതാണ് അഭിമാനകരം. ശക്തമായ നിയമ നടപടി, നിശ്ചയദാർഢ്യത്തിലൂടെ പ്രവർത്തനം എന്നിവ വഴിയാണ് ഇത് സാധിച്ചതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
അതിനായി ഇനിയും വലിയ തോതിൽ ബോധവത്കരണം ആവശ്യമാണ്. അഴിമതിയെ തുറന്ന് കാട്ടാനും എതിർക്കാനും യുവതലമുറ ശ്രദ്ധിക്കണം. ഏതൊരു നാടിന്‍റെയും സുസ്ഥിര വികസനത്തിന് അഴിമതി രഹിതമായ സംവിധാനം ആവശ്യമാണ്. ഈ കാഴ്‌ചപ്പാടോടെയാണ് കേരള സർക്കാർ ഭരണം നടത്തുന്നത്
അഴിമതിയെന്ന മഹാവിപത്തിനെ ഒരു പരിധി വരെ നേരിടാൻ സാധിച്ചു. രാജ്യത്ത് അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനം എന്ന പദവി നേടാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.