തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന ചൈനയിൽ നിന്ന് മലയാളികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി വേണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ ഭീതിയിൽ കഴിയുന്ന വിദ്യാർഥികളടക്കമുള്ള മലയാളികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടി വേണമെന്നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അഭ്യർത്ഥിച്ചത്.
ചീഫ് സെക്രട്ടറി ടോം ജോസ് ഇത് സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറിയുമായും മറ്റ് പ്രധാന ഉദ്യോഗസ്ഥരുമായും ആശയ വിനിമയം നടത്തുകയാണ്. വൈറസ് ബാധയെ തുടർന്ന് നിരവധി മലയാളികൾ ചൈനയിൽ കുടുങ്ങി കിടക്കുകയാണ്. ഇവർക്ക് ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയുണ്ടെന്നാണ് മടങ്ങിയെത്തിയവർ അറിയിക്കുന്നത്. ഇതേ തുടർന്നാണ് വിഷയം സംസ്ഥാന സർക്കാർ കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽപെടുത്തി അടിയന്തര ഇടപെടൽ ആവശ്യപ്പെടുന്നത്.