തിരുവനന്തപുരം: കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തിയില്‍ തമിഴ്‌നാട് സർക്കാർ നിരീക്ഷണം ശക്തമാക്കി. കന്യാകുമാരി ജില്ലാ അതിർത്തിയിൽ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിലാണ് നിരീക്ഷണം. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വരുന്ന സ്വകാര്യ വാഹനങ്ങളില്‍ തമിഴ്‌നാട്ടിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിരോധന നടത്തി.
മുന്‍കരുതലെന്ന നിലയില്‍ വാഹനങ്ങളുടെ ചക്രങ്ങളിൽ അണുനാശിനിയും തളിക്കുന്നുണ്ട്. വ്യക്തികളെ നിരീക്ഷിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. വാഹന യാത്രികർക്ക് പനിയുണ്ടോയെന്ന് തെർമൽ സ്കാനർ മുഖേന പരിശോധിക്കുന്നുണ്ട്. പനി സ്ഥിരീകരിച്ചവരെ നാഗർകോവിൽ മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കളിയിക്കാവിള, ചൂഴാൽ, കൊല്ലങ്കോട് ചെക് പോസ്റ്റുകൾക്ക് സമീപം ക്യാമ്പ് ചെയ്താണ് ആരോഗ്യ വിഭാഗം പ്രവർത്തിക്കുന്നത്. ചൈനയിൽനിന്ന് തിരുവനന്തപുരം വഴി കന്യാകുമാരി ജില്ലയിൽ 14 പേർ എത്തിയിട്ടുണ്ടന്നും അവരെ വീടുകളിൽനിന്ന് പുറത്തിറക്കാതെ പൂർണമായും നിരീക്ഷിച്ചു വരുകയാണെന്നും അധികൃതർ വ്യക്തമാക്കി.