തൃശൂർ: ചേലക്കരയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. പോളിങ് ആരംഭിച്ചപ്പോൾ മുതൽ തന്നെ എല്ലാ ബൂത്തുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് വരെ തുടരും. അതേസമയം ബിജെപി സ്ഥാനാർഥി കെ ബാലകൃഷ്‌ണനും എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപും പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
ചേലക്കരയിൽ കടുത്ത മത്സരം പ്രതീക്ഷിക്കുന്നില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപ് പറഞ്ഞു. വളരെ ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണമാണ് കാഴ്‌ചവച്ചത്. തങ്ങൾ കാഴ്‌ചവച്ച വികസന പ്രവർത്തനങ്ങള്‍ ഊന്നിപ്പറഞ്ഞുകൊണ്ടാണ് വോട്ട് തേടിയതെന്നും പ്രദീപ് പറഞ്ഞു.
വികസനത്തിന്‍റെ ഉയർച്ചയ്‌ക്കായുള്ള വോട്ടാണ് ജനങ്ങളോട് അഭ്യർഥിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണ എംഎൽഎ ആയപ്പോൾ ചെയ്‌ത പ്രവർത്തനങ്ങൾ ജനങ്ങൾ വിലയിരുത്തും. നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുആർ പ്രദീപ് കൂട്ടിച്ചേർത്തു. മണ്ഡലത്തിലെ പരമാവധി ബൂത്തുകളിലെത്തി പ്രവർത്തകരെ കാണണം. കൂടുതൽ ബൂത്തുകളുള്ളത് കൊണ്ട് എത്താൻ പറ്റുന്ന സ്ഥലങ്ങളിലെല്ലാം പരമാവധി എത്തി എല്ലാവരേയും കാണണമെന്ന് അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മണ്ഡലത്തിൽ പുതുതായി ചേർത്ത 11,000ത്തോളം വോട്ടർമാരിൽ 6000ത്തോളം വോട്ടർമാർ തങ്ങളുടേത് മാത്രമാണെന്ന ബിജെപി വാദത്തോടും അദ്ദേഹം പ്രതികരിച്ചു. 'വോട്ടർമാരെല്ലാം വിദ്യാഭ്യാസം ഉള്ളവരല്ലേ. വോട്ട് ചേർത്തവർക്ക് വോട്ട് ചെയ്യുന്ന കാലമൊന്നും അല്ല ഇത്', എന്ന് അദ്ദേഹം പ്രതികരിച്ചു.
അതേസമയം ചേലക്കരയിലെ മികച്ച പോളിങ് ഇടതുമുന്നണിക്ക് ഗുണമാകുമെന്ന് പറഞ്ഞ യുആർ പ്രദീപ് ഇപി ജയരാജന്‍റെ പുസ്‌തകവുമായി ബന്ധപ്പെട്ട് തനിക്കൊന്നും അറിയില്ലെന്നാണ് പ്രതികരിച്ചത്. വിഷയത്തിൽ ഇടതുമുന്നണി നേതാക്കളും മുഖ്യമന്ത്രിയും മറുപടി പറയുമെന്ന് പറഞ്ഞ് അദ്ദേഹം ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി.
'വോട്ടർമാരുടെ മനസ് എനിക്കൊപ്പം': തെരഞ്ഞെടുപ്പ് ചൂടിൽ ചേലക്കര യുഡിഎഫിനൊപ്പമെന്ന മനസുമായാണ് വോട്ട് ചെയ്യാനെത്തുന്നതെന്നും അവർ തന്നെ ചേർത്ത് പിടിക്കുമെന്നും യുഡിഫ് സ്ഥാനാർഥി രമ്യ ഹരിദാസ് പ്രതികരിച്ചു. കൃത്യതയോടെയുള്ള പ്രവർത്തനമാണ് മണ്ഡലത്തിൽ യുഡിഎഫ് കാഴ്‌ചവച്ചത്. യുഡിഎഫിനെ സംബന്ധിച്ച് പാലക്കാടും ചേലക്കരയും ഒരുപോലെയാണ്. ചേലക്കരയിൽ ഒരുപടി നേരത്തേ തന്നെ തങ്ങൾ പ്രചാരണം തുടങ്ങിയരുന്നു. വോട്ടർമാരുടെ മനസ് തനിക്കൊപ്പമായിരിക്കുമെന്നും അവര്‍ പറഞ്ഞു.
'ബിജെപിയുടെ മാറ്റം ഇത്തവണ ബിജെപിക്കൊപ്പം': ചേലക്കരയുടെ മാറ്റം ഇത്തവണ ബിജെപിക്കൊപ്പം ആയിരിക്കുമെന്ന് ബിജെപി സ്ഥാനാർഥി കെ ബാലകൃഷ്‌ണൻ പ്രതികരിച്ചു. മണ്ഡലത്തിൽ 600 ഓളം കുടുംബങ്ങൾ മണ്ഡലത്തിൽ തങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചിട്ടുണ്ട്. പുതിയ മെമ്പർഷിപ്പ് ക്യാമ്പെയ്‌നുമായി ബന്ധപ്പെട്ട് ഒട്ടനവധി ആളുകൾ പാർട്ടിയോടൊപ്പം ചേർന്ന് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അതൊരു വലിയ മാറ്റമാണെന്ന് അദ്ദേഹം പറഞ്ഞു.
അടിസ്ഥാന വികസനം ഇല്ലായ്‌മയാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം. സ്‌പീക്കറും മന്ത്രിയുമൊക്കെ ഉണ്ടായ മണ്ഡലത്തിൽ വികസനം ഉണ്ടായിട്ടില്ല. ഭരണവിരുദ്ധ വികാരം മണ്ഡലത്തിൽ വോട്ടായി മാറും. ദേശീയ തലത്തിൽ ബിജെപിക്കുണ്ടായ മുന്നേറ്റം ഇവിടേയും പ്രതിഫലിപ്പിക്കുമെന്ന് കെ ബാലകൃഷ്‌ണൻ കൂട്ടിച്ചേർത്തു.
Also Read: വയനാടും ചേലക്കരയും ആര്‍ക്കൊപ്പം? വിധിയെഴുത്ത് തുടങ്ങി, വോട്ടിങ് ശതമാനം ഉയര്‍ത്താന്‍ മുന്നണികള്‍