കോട്ടയം: ഇപി ജയരാജന്‍റെ ആത്മകഥ വിവാദത്തില്‍ പ്രതികരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ഇപി നിഷ്‌കളങ്കനായ മനുഷ്യനാണെന്നും പറയാനുള്ളതെല്ലാം തുറന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ശത്രുക്കളും മിത്രങ്ങളുണ്ട്. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍.
ഇപി ജയരാജന്‍ എഴുതിയ ഒരു പുസ്‌തകം പ്രസിദ്ധീകരിച്ചത് ശരിയല്ലെന്ന് പറയാന്‍ താന്‍ ആളല്ല. ഡിസി ബുക്ക്‌സാണ് പുസ്‌തകം പുറത്തിറക്കിയത്. ജയരാജൻ പറയാത്ത കാര്യങ്ങൾ ഡിസി ബുക്‌സ് ചേർക്കുമെന്ന് കരുതുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പാർട്ടിയുടെ സമ്മർദ്ദം വന്നാൽ ചിലപ്പോൾ ജയരാജൻ നിഷേധിച്ചുവെന്നുവരും. ഇതിന് മുമ്പും ജയരാജൻ പാർട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങിയിട്ടുണ്ട്. ആത്യന്തികമായി അദ്ദേഹം ഒരു പാര്‍ട്ടിക്കാരനാണ്. പാര്‍ട്ടി പറയുന്നത് അദ്ദേഹം അനുസരിക്കും. അതുകൊണ്ടാണ് നിഷേധ കുറിപ്പ് പുറത്തുവന്നത്.
ഡിസി ബുക്ക്‌സുമായി എഗ്രിമെന്‍റ് എഴുതി ഒപ്പിട്ടിട്ടുണ്ടെങ്കില്‍ ബുക്ക് പ്രസിദ്ധീകരിക്കാതിരിക്കാന്‍ കഴിയില്ല. കുറച്ച് കാലത്തേക്ക് തടഞ്ഞുവയ്‌ക്കാം. അതിനുളള സാധ്യതയും വിരളമാണ്. ജയരാജൻ എഴുതി കൊടുത്തിട്ടുണ്ടെങ്കിൽ അത് അതുപോലെ തന്നെ പ്രസിദ്ധീകരിക്കണം. അദ്ദേഹത്തിന്‍റെ മനോഗതി എന്താണെന്ന് ജനങ്ങള്‍ അറിയണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സിപിഎമ്മിനകത്ത് നിന്നും വ്യത്യസ്‌തമായ അഭിപ്രായങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. എല്ലാകാലത്തും അഭിപ്രായങ്ങൾ ഇരുമ്പുമറയ്ക്കുള്ളിൽ ഒതുക്കിവയ്ക്കാനാവില്ല. അഭിപ്രായ സ്വതന്ത്ര്യമുളള കാലമാണിത്. അതുകൊണ്ട് അഭിപ്രായങ്ങള്‍ തടഞ്ഞുവയ്‌ക്കാന്‍ കഴിയില്ല.
ജയരാജന് അഭിവാദ്യങ്ങൾ നേരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ജയരാജന് ഇന്നത്തെ കമ്പോളത്തിൽ റേറ്റിങ് കൂടി. പാര്‍ട്ടിക്ക് അദ്ദേഹത്തെ തള്ളിപ്പറയാൻ പറ്റില്ല. അദ്ദേഹം ചേര്‍ന്നെങ്കിലെ പാര്‍ട്ടി പാര്‍ട്ടിയാകൂ. ഇകെ ജയരാജന്‍ പാര്‍ട്ടി മാറണം എന്ന അഭിപ്രായം തനിക്കില്ല. പക്ഷേ അഭിപ്രായ സ്വാതന്ത്ര്യം വേണമെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാണിച്ചു.
Also Read: 'ആത്മകഥ വിവാദം' രാഷ്‌ട്രീയ ഗൂഢാലോചന; പുറകിൽ ആരെന്ന് കണ്ടെത്തും: ഇപി ജയരാജൻ